ന്യൂദല്‍ഹി-വടക്കു കിഴക്കന്‍ ദല്‍ഹിയില്‍ കലാപത്തിനിടെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു.
ഹസീന്‍ എന്ന സല്‍മാനെ (23) യാണ് കഴിഞ്ഞ ദിവസം ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. വടക്കു കിഴക്കന്‍ ദല്‍ഹിയിലെ ഖജൂരി ഖാസില്‍ നടന്ന അക്രമത്തിനിടെയാണ് അങ്കിത് ശര്‍മ കൊല്ലപ്പെട്ടത്. കാണാതായതിന് പിന്നാലെ സംഭവ സ്ഥലത്തെ ഓടയില്‍ നിന്നാണ് അങ്കിത് ശര്‍മയുടെ മൃതദേഹം കണ്ടെത്തിയത്. പിടിയിലായ ഹസീന്‍ നന്ദ്‌നാഗ്രി സ്വദേശിയാണ്.
സാങ്കേതിക തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഹസീനെ അറസ്റ്റ് ചെയ്തതെന്ന് ദല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍ പറഞ്ഞു. ഇയാള്‍ പ്രദേശത്തെ ചില മോഷണക്കേസുകളില്‍ നേരത്തേ അറസ്റ്റിലായിട്ടുണ്ടെന്നും പോലീസ് പറയുന്നു. ഇയാളുടെ കൂടെയുണ്ടായിരുന്ന നാല് പേര്‍ക്കായി പോലീസ് തെരച്ചില്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു. കലാപവുമായി ബന്ധപ്പെട്ട ആം ആദ്മി പാര്‍ട്ടിയുടെ മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊല്ലപ്പെട്ട അങ്കിത് ശര്‍മയുടെ പിതാവ് പോലീസിന് നല്‍കിയ പരാതിയില്‍ താഹിര്‍ ഹുസൈന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരേയും ആരോപണം ഉന്നയിച്ചിരുന്നു. അങ്കിത് ശര്‍മയുടെ മൃതദേഹത്തില്‍ നിരവധി മുറിവുകളും പൊള്ളലേറ്റ പാടുകളുമുണ്ടായിരുന്നുവെന്നും പിതാവ് പറയുന്നു.