Sorry, you need to enable JavaScript to visit this website.

സ്പീക്കര്‍ക്ക് കൊടുക്കാം, ഞങ്ങള്‍ക്കില്ലേ; ഖാദി വാച്ച് ചോദിച്ച് എം.പിമാര്‍

ന്യൂദല്‍ഹി- ഖാദി വാച്ച് സ്പീക്കര്‍ക്ക് മാത്രം പോരാ തങ്ങള്‍ക്കും വേണമെന്ന് ലോക്‌സഭാ അംഗങ്ങള്‍. സ്പീക്കര്‍ ഓം ബിര്‍ളക്കും ഭാര്യക്കും ഖാദി വാച്ചുകള്‍ നല്‍കിയിട്ടുണ്ടെന്ന് സ്മാള്‍ ആന്റ് മീഡിയം എന്റര്‍പ്രൈസസ് മന്ത്രി നിതിന്‍ ഖഡ്കരി വെളിപ്പെടുത്തിയപ്പോഴാണ് എം.പിമാരുടെ ആവശ്യം. മന്ത്രാലയം സംബന്ധിച്ച ചോദ്യത്തിനു മറുപടി നല്‍കുന്നതിനിടയിലാണ് സ്പീക്കറുടെ അനുമതിയോടെ മന്ത്രി വാച്ചിന്റെ കാര്യം പറഞ്ഞത്.

എന്തുകൊണ്ട് അംഗങ്ങള്‍ക്ക് വാച്ച് നല്‍കുന്നില്ലെന്ന ചോദ്യവുമായി ഡി.എം.കെ നേതാവ് ടി.ആര്‍. ബാലുവും മറ്റു ചില അംഗങ്ങളുമാണ് രംഗത്തുവന്നത്. എപ്പോള്‍ തങ്ങള്‍ക്ക് വാച്ച് കിട്ടുമെന്നാണ് അവര്‍ക്ക് അറിയേണ്ടിയിരുന്നത്.

വനിതകള്‍ ഉണ്ടാക്കിയ വാച്ചിന് 5000 രൂപയാണ് വിലയെന്നും ഡിസ്‌കൗണ്ടില്‍ കിട്ടുമോ എന്നു നോക്കാമെന്നുമാണ് മന്ത്രി നല്‍കിയ മറുപടി. സില്‍വര്‍ ഡയലും അതിനകത്ത് ചര്‍ക്ക ചിത്രവും ഖാദി സ്ട്രാപ്പും അടങ്ങുന്ന വാച്ച് ഇപ്പോള്‍ മാര്‍ക്കറ്റില്‍ ലഭ്യമല്ലെന്നും മന്ത്രി പറഞ്ഞു.

ഖാദി ആന്റ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷനും ടൈറ്റാന്‍ വാച്ച് കമ്പനിയും ചേര്‍ന്ന് സംയക്തമായാണ് ഖാദി വാച്ച് ലിമിറ്റഡ് എഡിഷന്‍ പുറത്തിറക്കിയത്.

 

Latest News