ന്യൂദൽഹി- യു.പിയിൽ പൗരത്വഭേദഗതി നിയമത്തിനെതിരായ സമരത്തിൽ പങ്കെടുത്തവരുടെ ചിത്രങ്ങളും വിശദാംശങ്ങളും സഹിതമുള്ള കൂറ്റൻ ബോർഡുകൾ തെരുവിൽ സ്ഥാപിച്ച യോഗി ആദിത്യനാഥ് സർക്കാറിന്റെ നടപടിക്കെതിരെ സുപ്രീം കോടതിയും രംഗത്ത്. ഇത്തരം കാര്യങ്ങൾ ചെയ്യാൻ ഒരു നിയമവും പിന്തുണ നൽകുന്നില്ലെന്ന് സുപ്രീം കോടതിയുടെ അവധിക്കാല ബെഞ്ച് ചൂണ്ടിക്കാട്ടി. ബോർഡുകൾ ഉടൻ നീക്കം ചെയ്യണമെന്ന അലഹബാദ് ഹൈക്കോടതിയുടെ വിധിക്കെതിരെയാണ് യു.പി സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. നാണക്കേടിന്റെ ബോർഡ് എന്നായിരുന്നു ബോർഡ് സ്ഥാപിച്ച യു.പി സർക്കാറിന്റെ നടപടിയെ അലഹബാദ് ഹൈക്കോടതി വിശേഷിപ്പിച്ചത്. യു.പി സർക്കാറിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയായിരുന്നു ഹാജരായത്. അലഹബാദ് ഹൈക്കോടതിയുടെ വിധി സ്‌റ്റേ ചെയ്യാൻ വിസമ്മതിച്ച സുപ്രീം കോടതി വിഷയം കൂടുതൽ പരിഗണന അർഹിക്കുന്നതാണെന്നും അതിനാൽ വിശാല ബെഞ്ചിന്റെ പരിഗണനയിലേക്ക് വിടുകയാണെന്നും അറിയിച്ചു. അതേസമയം, വിശാലബെഞ്ചിന്റെ തീരുമാനം വരുന്നത് വരെ ബോർഡുകൾ മാറ്റില്ലെന്ന് യു.പി സർക്കാറിന്റെ അഭിഭാഷകൻ വ്യക്തമാക്കി.