കോഴിക്കോട്- സൗദിയിലേക്ക് മടങ്ങുന്നതിന് അധികൃതര്‍ 72 മണിക്കൂര്‍ സമയം നല്‍കിയിരിക്കെ, വിമാനക്കമ്പനി ഓഫീസുകളിലും ട്രാവല്‍ ഏജന്‍സികളിലും വന്‍തിരക്ക്. നിശ്ചിത സമയത്തിനകം ടിക്കറ്റും സീറ്റും കരസ്ഥമാക്കാന്‍ പരക്കം പായുകയാണ് പലരും. വിമാന സര്‍വീസുകള്‍ നിര്‍ത്താന്‍ ഇതുവരെ സര്‍ക്കുലര്‍ ലഭിച്ചിട്ടില്ലെന്നാണ് വിമാനക്കമ്പനികള്‍ അറിയിച്ചിരിക്കുന്നത്.
ഇന്ത്യ, പാക്കിസ്ഥാന്‍ അടക്കമുള്ള രാജ്യങ്ങളിലേക്ക് സൗദി അറേബ്യ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശത്തിലാണ് സൗദിയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന സൗദി പൗരന്മാര്‍ക്കും ഇഖാമയുള്ളവര്‍ക്കും 72 മണിക്കൂര്‍ സമയം നല്‍കിയത്.
കേരളത്തിലെ നാല് എയര്‍പോര്‍ട്ടുകളില്‍നിന്നും സൗദിയിലേക്കുള്ള വിമാനങ്ങളില്‍ അടുത്ത മൂന്ന് ദിവസത്തേക്ക് സീറ്റ് ലഭ്യമല്ല എന്നാണ് ട്രാവല്‍ ഏജന്‍സി വൃത്തങ്ങള്‍ പറയുന്നത്. ടിക്കറ്റ് നിരക്കും കുത്തനെ ഉയര്‍ന്നിട്ടുണ്ട്. 18000 രൂപയുണ്ടായിരുന്നത് 40,000 രൂപവരെ ആയിട്ടുണ്ട്.
ഏപ്രില്‍, മെയ് മാസങ്ങളില്‍ ടിക്കറ്റ് എടുത്തവരും ഇപ്പോള്‍ തന്നെ മടങ്ങണമെന്ന് ആവശ്യപ്പെട്ടാണ് ട്രാവല്‍ ഏജന്‍സികളെ സമീപിക്കുന്നത്. പ്രമുഖ ട്രാവല്‍ ഏജന്‍സികളുടെ എല്ലാ ഓഫീസുകളിലും ആളുകള്‍ കാത്തിരിപ്പാണ്. ഏപ്രില്‍, മെയ് മാസങ്ങളില്‍ ടിക്കറ്റെടുത്തവരെ ഭയപ്പെടേണ്ടതില്ലെന്നും കാര്യങ്ങള്‍ ശരിയാകുമെന്നും അറിയിച്ചാണ് തിരിച്ചയക്കുന്നത്. അടുത്ത ദിവസങ്ങളില്‍ റീ എന്‍ട്രി അവസാനിക്കുന്നവര്‍ക്കാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നതെന്നും ട്രാവല്‍ ഏജന്‍സി ഉടമകള്‍ പറഞ്ഞു.