Sorry, you need to enable JavaScript to visit this website.

നോര്‍ക്ക സഹായത്തിന് അപേക്ഷകരില്ല

കൊണ്ടോട്ടി- നോര്‍ക്ക വഴിയുള്ള സഹായത്തിന് ഇപ്പോഴും മതിയായ അപേക്ഷകരില്ല.  പ്രവാസികളുടെ ആശ്രിതര്‍ക്ക് മരണാനന്തര ധനസഹായമായി ഒരു ലക്ഷം രൂപയും രോഗങ്ങളാല്‍ തിരികെ എത്തിയ പ്രവാസികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ചികില്‍സാ സഹായത്തിനായി അരലക്ഷം രൂപയും നല്‍കുന്നുണ്ട്.

പ്രാവസികളുടെ പെണ്‍മക്കളുടെ വിവാഹത്തിന് 15,000 രൂപ, പ്രവാസികള്‍ക്കും ആശ്രിതര്‍ക്കും അംഗവൈകല്യ പരിഹാരത്തിനായി കൃത്രിമ കാല്‍, ഊന്നുവടി, വീല്‍ചെയര്‍ തുടങ്ങിയവ വാങ്ങുന്നതിന് 10,000 രൂപയും ധനസഹായം നല്‍കുന്നുണ്ട്.

അപേക്ഷകന്റെ വാര്‍ഷിക കുടുംബ വരുമാനം ഒരു ലക്ഷം രൂപയില്‍ അധികമാവാന്‍ പാടില്ലെന്നാണ് നിബന്ധന. രണ്ട് വര്‍ഷം പ്രവാസിയായ ആളുകള്‍ക്കാണ് ആനുകൂല്യം ലഭിക്കുക. വിദേശത്ത് ജോലി ചെയ്ത കാലയളവില്‍ അപേക്ഷ നല്‍കണം. സഹായം സ്വീകരിക്കുമ്പോള്‍ ജോലിയുള്ളവര്‍ക്ക് ആനുകൂല്യത്തിന് അര്‍ഹതയില്ല.

വിദേശ രാജ്യങ്ങളില്‍ മരണപ്പെട്ട 13 പ്രവാസികളുടെ മൃതദേഹങ്ങള്‍ നോര്‍ക്ക വഴി നാട്ടിലെത്തിച്ചതായും ഇതിനായി 18.68 ലക്ഷം രൂപ ചെലവിട്ടതായും പറയുന്നു. 2019-20 സാമ്പത്തിക വര്‍ഷം 72 ലക്ഷമാണ് ഇതിനായി വകയിരുത്തിയത്. തൊട്ട് മുമ്പുള്ള വര്‍ഷം രണ്ട് കോടി രൂപ വകയിരുത്തിയെങ്കിലും അപേക്ഷകളൊന്നും ലഭിച്ചിരുന്നില്ല.
 നേപ്പാളില്‍ വിഷപ്പുക ശ്വസിച്ച് മരിച്ച എട്ട് പേരുടെ മൃതദേഹങ്ങള്‍ നോര്‍ക്കയാണ് എത്തിച്ചത്. 6,16,000 രൂപയാണ് നോര്‍ക്ക വിമാന നിരക്കായി ഇതിന് നല്‍കിയത്. മൂന്ന് പേര്‍ സൗദി അറേബ്യയില്‍ മരിച്ചവരും  മറ്റു രണ്ട് പേര്‍ ചൈന, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളില്‍ മരിച്ചവരുമായിരുന്നു.

കരിപ്പൂര്‍, കണ്ണൂര്‍, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങള്‍ക്ക് പുറമെ സമീപ സംസ്ഥാനങ്ങളിലെ മംഗളൂരു, കോയമ്പത്തൂര്‍ വിമാനത്താവളങ്ങളിലും നോര്‍ക്ക ഏജന്‍സി ആംബുലന്‍സ് സര്‍വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 26.15 ലക്ഷം രൂപയാണ് ചെലവിട്ടത്. 2018-19 വര്‍ഷം 15.91 ലക്ഷം രൂപ ചെലവിട്ടിരുന്നു.

 

Latest News