റാഞ്ചി- ജാര്‍ഖണ്ഡില്‍ നിന്നും രാജ്യസഭയിലേക്ക് മത്സരിക്കാനൊരുങ്ങി ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച അധ്യക്ഷന്‍ (ജെഎംഎം) ഷിബു സോറന്‍. ബുധനാഴ്ച്ചയാണ് അദ്ദേഹം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. എഴുപത്തി മൂന്നാം വയസിലാണ് ഷിബു സോറന്‍ രാജ്യസഭയിലേക്ക് മത്സരിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ടാല്‍ ഷിബു സോറന്‍ ആദ്യമായി രാജ്യസഭയിലെത്തും. മകനും ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ദ് സോറനൊപ്പമാണ് ഷിബു സോറന്‍ സെക്രട്ടറിയേറ്റിലെത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. നിരവധി മന്ത്രിമാരും ഒപ്പമുണ്ടായിരുന്നു. സ്വതന്ത്ര എംപിയായ പാരിമള്‍ നത്വാനിയുടേയും ആര്‍ജെഡി എംപിയായ പ്രേം ചന്ദ് ഗുപ്തയുമാണ് ഇത്തവണ ജാര്‍ഖണ്ഡില്‍ നിന്നും കാലാവധി കഴിയുന്ന എംപിമാര്‍. ഈ ഒഴിവിലേക്കാണ് ജാര്‍ഖണ്ഡില്‍ നിന്നും തെരഞ്ഞെടുപ്പ് നടക്കുന്നത്. മൂന്ന് തവണ മുഖ്യമന്ത്രി പദവി അലങ്കരിച്ചിട്ടുള്ള ഷിബുസോറന്‍ ജനങ്ങള്‍ക്കിടയില്‍ ഗുരുജി എന്നാണ് അറിയപ്പെടുന്നത്. ഏഴ് തവണ ദുംക മണ്ഡലത്തില്‍ നിന്നും ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഷിബു സോറന്‍ മുന്‍ കേന്ദ്രമന്ത്രി കൂടിയായിരുന്നു. ഇത്തവണ ജയിക്കുകയാണെങ്കില്‍ രാജ്യസഭയിലെ അദ്ദേഹത്തിന്റെ ആദ്യ ടേം ആയിരിക്കും ഇത്.