കൊറോണ ഭീതി; ചിക്കനും മട്ടണും പകരം വിപണിയില്‍ ചക്ക താരമാകുന്നു

ലഖ്‌നൗ- കൊറോണ വൈറസ് ഭീതിയില്‍ ആളുകള്‍ ചിക്കനും മട്ടണുമൊക്കെ ഒഴിവാക്കുകയാണ്. എന്നാല്‍ ഇതിന്റെ സ്ഥാനം ഇപ്പോള്‍ കൈയ്യടക്കുന്നത് ചക്കയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. അതുകൊണ്ടുതന്നെ ചക്കയുടെ വില മേലോട്ട് കുതിക്കുകയാണ്. ഒരു കിലോ ചക്കയ്ക്ക് അമ്പത് രൂപയില്‍ നിന്ന് 120 രൂപയായി ഉയര്‍ന്നിട്ടുണ്ട്. ഒരു കിലോ ചിക്കന് 80 രൂപ നല്‍കുന്ന സ്ഥാനത്താണ് അതിനും മുകളിലേക്ക്‌ ചക്ക വില കുതിക്കുന്നത്. മട്ടണ്‍ ബിരിയാണിക്ക് പകരം പല ആഘോഷങ്ങളിലും ഉത്തരേന്ത്യയില്‍ 'കത്തല്‍ ബിരിയാണി' അഥവാ ചക്ക ബിരിയാണി സ്ഥാനം പിടിച്ചുകഴിഞ്ഞു.രുചിയിലും കേമമാണ് ഈ ചക്ക ബിരിയാണിയെന്നാണ് ആളുകള്‍ പറയുന്നത്.

എന്നാല്‍ ചക്ക ഇപ്പോള്‍ പച്ചക്കറി വിപണികളില്‍ നിന്ന് മാത്രമാണ് ലഭിക്കുന്നതെന്നും എന്നാല്‍ വിപണിയില്‍ ദൗര്‍ലഭ്യം നേരിടുന്നുവെന്നും നൊണ്‍ വെജിറ്റേറിയനായ പൂര്‍ണിമ ശ്രീവാസ്തവയെന്ന വീട്ടമ്മ പറയുന്നു. കൊറോണ പൗള്‍ട്രി ബിസിനസുകളെ ഗുരുതരമായാണ് ബാധിച്ചിരിക്കുന്നതെന്ന് പൗള്‍ട്രി ഫാം അസോസിയേഷന്‍ പറയുന്നു. അടുത്തിടെ സംഘടന ഗൊരഖ്പൂരില്‍ ചിക്കന്‍ മേള നടത്തിയിരുന്നുവെങ്കിലും തിരിച്ചടിയായിരുന്നു ഫലം.

കാരണം പക്ഷികള്‍ ഈ വൈറസിന്റെ വാഹകരാണെന്ന പ്രചരണമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും അവര്‍ പറഞ്ഞു.മുപ്പത് രൂപയ്ക്ക് ഒരു പ്ലേറ്റ് ചിക്കന്‍ വിഭവങ്ങള്‍ നല്‍കിയാണ് മേള സംഘടിപ്പിച്ചത്. ആളുകളെ ചിക്കന്‍ വാങ്ങാന്‍ പ്രേരിപ്പിക്കുകയായിരുന്നു ലക്ഷ്യം.. ആയിരം കിലോഗ്രാം ചിക്കനാണ് മേളയ്ക്കായി പാകം ചെയ്തതെന്നും സംഘാടകര്‍ പറഞ്ഞു.

Latest News