ദമാം - കാലാവധി തീർന്ന ടയറുകൾ വിൽപന നടത്തിയ സ്ഥാപനത്തിന് ദമാം ക്രിമിനൽ കോടതി പിഴ ചുമത്തിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. സൗദി പൗരൻ അബ്ദുല്ല ബിൻ ഖാലിദ് ബിൻ മുഹമ്മദ് അൽഹിന്ദിയുടെ ഉടമസ്ഥതയിൽ ദമാമിൽ ടയർ, സ്‌പെയർ പാർട്‌സ് വിൽപന മേഖലയിൽ പ്രവർത്തിക്കുന്ന അബ്ദുല്ല അൽഹിന്ദി ട്രേഡിംഗ് എസ്റ്റാബ്ലിഷ്‌മെന്റ് എന്ന പേരിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിനാണ് പിഴ.
കാലാവധി തീർന്ന ടയറുകൾ വിൽപന നടത്തുകയും വിൽപനക്ക് പ്രദർശിപ്പിക്കുകയും ചെയ്തതാണ് സ്ഥാപനത്തിനെതിരായ ശിക്ഷാ നടപടികൾക്ക് കാരണം. സ്ഥാപനം പതിനഞ്ചു ദിവസത്തേക്ക് അടപ്പിക്കുന്നതിനും വിധിയുണ്ട്. സ്ഥാപനത്തിൽ കണ്ടെത്തിയ കാലാവധി തീർന്ന ടയറുകൾ പിടിച്ചെടുത്ത് നിശിപ്പിക്കുന്നതിനും കോടതി ഉത്തരവിട്ടു. സ്ഥാപനത്തിന്റെയും ഉടമയുടെയും പേരുവിവരങ്ങളും സ്ഥാപനം നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷയും സൗദി പൗരന്റെ സ്വന്തം ചെലവിൽ പ്രാദേശിക പത്രത്തിൽ പരസ്യം ചെയ്യുന്നതിനും കോടതി വിധിച്ചു. ദമാമിൽ പ്രവർത്തിക്കുന്ന ടയർ, സ്‌പെയർപാർട്‌സ് കടയിൽ വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കാലാവധി തീർന്ന 200 ടയറുകൾ വിൽപനക്ക് പ്രദർശിപ്പിച്ചതായി കണ്ടെത്തുകയായിരുന്നു. പ്രാഥമികാന്വേഷണം പൂർത്തിയാക്കി നിയമ നടപടികൾക്ക് കേസ് പിന്നീട് വാണിജ്യ മന്ത്രാലയം പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു.