Sorry, you need to enable JavaScript to visit this website.

സൗദിയിൽ വനിതാ ശാക്തീകരണത്തിന് നിയമങ്ങൾ പരിഷ്‌കരിച്ചു -മന്ത്രി

വനിതാ ശാക്തീകരണം കാഴ്ചപ്പാടിനും യാഥാർഥ്യത്തിനുമിടയിൽ എന്ന ശീർഷകത്തിൽ കിംഗ് അബ്ദുല്ല പെട്രോളിയം റിസർച്ച് സെന്ററിൽ നടന്ന സംവാദ സെഷൻ.

റിയാദ് - സ്വകാര്യ മേഖലയിൽ സ്വദേശി വനിതകൾക്ക് തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിന് തൊഴിൽ നിയമങ്ങളും നിയമാവലികളും പരിഷ്‌കരിക്കുകയും തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്തതായി ഡെപ്യൂട്ടി മാനവ ശേഷി, സാമൂഹിക വികസന മന്ത്രി ഡോ. അബ്ദുല്ല അബൂസ്‌നൈൻ പറഞ്ഞു. ടെലികോം, ഐ.ടി മേഖലയിൽ വനിതാ ശാക്തീകരണം വിശകലനം ചെയ്യുന്നതിന് കമ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം സംഘടിപ്പിച്ച ഫോറത്തിൽ വനിതാ ശാക്തീകരണം കാഴ്ചപ്പാടിനും യാഥാർഥ്യത്തിനുമിടയിൽ എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച സംവാദ സെഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 


തൊഴിൽ വിപണിയിൽ വനിതാ പങ്കാളിത്തം വർധിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് കിംഗ് അബ്ദുല്ല പെട്രോളിയം റിസർച്ച് സെന്ററിൽ സംഘടിപ്പിച്ച ഫോറത്തിനിടെ ടെലികോം, ഐ.ടി മേഖലയിൽ വനിതകൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്ന പദ്ധതിയുടെ ഉദ്ഘാടന കർമവും നിർവഹിച്ചു. 
വനിതാ ശാക്തീകരണത്തിനുള്ള മാനവ ശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ കാഴ്ചപ്പാടും സ്വകാര്യ മേഖലയിൽ സാങ്കേതിക തൊഴിലുകളിൽ ഏർപ്പെടുന്നതിന് വനിതകൾക്ക് ആവശ്യമായ പിന്തുണയും പ്രോത്സാഹനവും നൽകലും അടക്കമുള്ള വിഷയങ്ങൾ സംവാദ സെഷനിൽ വിശകലനം ചെയ്തു. 


തൊഴിൽ വിപണിയിൽ വനിതാ പങ്കാളിത്തം ഉയർത്തുന്നതിനും സ്വകാര്യ മേഖലയിൽ ഉന്നത പദവികൾ വഹിക്കുന്നതിന് വനിതകളെ പ്രാപ്തരാക്കുന്നതിനും മാനവ ശേഷി, സാമൂഹിക വികസന മന്ത്രാലയം നിരവധി പദ്ധതികൾ നടപ്പാക്കിയിട്ടുണ്ടെന്ന് ഡെപ്യൂട്ടി മാനവ ശേഷി, സാമൂഹിക വികസന മന്ത്രി പറഞ്ഞു. ഈ ലക്ഷ്യത്തോടെ നിയമങ്ങളും നിയമാവലികളും പരിഷ്‌കരിക്കുകയും തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള വ്യവസ്ഥകൾ നടപ്പാക്കുകയും ചെയ്തിട്ടുണ്ട്. സാമ്പത്തിക, സാമൂഹിക വികസനത്തിലും വിഷൻ 2030 പദ്ധതി ലക്ഷ്യങ്ങൾ സാക്ഷാൽക്കരിക്കുന്നതിലും സജീവ പങ്കാളികളായി വനിതകളെ പരിവർത്തിപ്പിക്കാനാണ് ശ്രമമെന്നും ഡോ. അബ്ദുല്ല അബൂസ്‌നൈൻ പറഞ്ഞു. 


ടെലികോം, ഐ.ടി മേഖലയിൽ 15,000 ലേറെ തൊഴിലുകൾ സൗദിവൽക്കരിക്കുന്നതിന് ലക്ഷ്യമിട്ട് കമ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയവുമായി മാനവ ശേഷി, സാമൂഹിക വികസന മന്ത്രാലയം കരാർ ഒപ്പുവെച്ചിട്ടുണ്ട്. തൊഴിൽ വിപണിയിൽ വനിതാ പങ്കാളിത്തം ഉയർത്തുന്നതിന് സമീപ കാലത്ത് ഏതാനും മേഖലകൾ വനിതാവൽക്കരിക്കുകയും നിരവധി പുതിയ തൊഴിൽ മേഖലകൾ വനിതകൾക്കു മുന്നിൽ തുറന്നുകൊടുക്കുകയും ചെയ്തിട്ടുണ്ട്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളിൽ 35 ശതമാനമായി സൗദി വനിതകൾ ഉയർന്നിട്ടുണ്ട്. സൗദിയിൽ ഇതിനകം 1,74,624 വനിതകൾക്ക് ഡ്രൈവിംഗ് ലൈസൻസുകൾ അനുവദിച്ചിട്ടുണ്ട്. ഡ്രൈവിംഗ് ലൈസൻസ് ലഭിച്ച വനിതകളിൽ 84.8 ശതമാനവും സൗദി വനിതകളാണ്. 

Latest News