മുംബൈ- ചരിത്രത്തിലാദ്യമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന 200 രൂപാ നോട്ടുകള്‍ ഈ മാസം അവസാനത്തോടെയോ സെപ്തംബര്‍ ആദ്യ വാരത്തിലോ അവതരിപ്പിക്കും. പുതുതായി വിപണിയിലെത്തുന്ന കറന്‍സിലുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും അനധികൃത കൈമാറ്റങ്ങള്‍ തടയുന്നതിനും റിസര്‍വ് ബാങ്ക് നടപടിപകള്‍ സ്വീകരിച്ചു വരികയാണെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പുതിയ നോട്ടുകള്‍ കരിഞ്ചന്തയില്‍ എത്താതിരിക്കാനുള്ള എല്ലാ നടപടികളുമെടുക്കും. അനധികൃത കൈമാറ്റവും നോട്ടുക്ഷാമവും ഇല്ലെന്നു ഉറപ്പു വരുത്താന്‍ 200 രൂപയുടെ 50 കോടി കറന്‍സികളാണ് ഇറക്കുന്നത്. 100-നും 500-നുമിടയില്‍ മറ്റൊരു കറന്‍സിയും നിലവിലില്ലാത്ത സാഹചര്യത്തില്‍ 200 രൂപാ നോട്ടുകള്‍ ജനപ്രിയമാക്കാനാണ് പദ്ധതി.
2000 രൂപാ നോട്ടുകള്‍ അവതരിപ്പിച്ചതിനു തൊട്ടുപിറകെ പുതിയ നോട്ടുകള്‍ അനധികൃതമായി പൂഴ്ത്തിവച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കടുത്ത നോട്ടുക്ഷാമമവും ഉണ്ടായിരുന്നു. 200 രൂപാ നോട്ടുകളുടെ വരവ് മൊത്തം കറന്‍സി ഉപയോഗത്തില്‍ ചെറിയ സംഖ്യയുടെ നോട്ടുകളുടെ വിഹിതം വര്‍ധിപ്പിക്കുകയും ചെറിയതുകയുടെ ഇടപാടുകളില്‍ പണം ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന് എസ്ബിഐ ചീഫ് ഇക്കണോമിസ്റ്റ് സൗമ്യ കാന്തി ഘോഷ് പറയുന്നു.