ന്യൂദല്‍ഹി- രാഹുല്‍ഗാന്ധിയുടെ വിശ്വസ്തനായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ രാജിവച്ചതോടെ മധ്യപ്രദേശിലെ ഓപ്പറേഷന്‍ താമര പൂര്‍ത്തിയാകുകയാണ്.
കമല്‍നാഥ് സര്‍ക്കാര്‍ താഴെവീഴുമെന്ന് ഉറപ്പായി.
മധ്യപ്രദേശിലേതിന് സമാനമായ തന്ത്രം ബി.ജെ.പി ഇനി രാജസ്ഥാനിലാവും പയറ്റുകയെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. നേരിയ ഭൂരിപക്ഷത്തിലാണ് രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നിലനില്‍ക്കുന്നത്. അതേസമയം, അടുത്ത താമര അട്ടിമറി മഹാരാഷ്ട്രിയിലായിരിക്കുമെന്നാണ് ബി.ജെ.പി നേതാവും എം.പിയുമായ സുബ്രഹ്്മണ്യന്‍ സ്വാമിയുടെ പ്രവചനം.
മധ്യപ്രദേശിലെ കോണ്‍ഗ്രസിലുണ്ടാതുപോലുള്ള അസ്വാരസ്യം രാജസ്ഥാനിലും പുകയുന്നുണ്ട്. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും തമ്മിലുള്ള അസ്വാരസ്യങ്ങളാണ് രാജസ്ഥാനില്‍.
വജ്രവ്യാപാരി രാജീവ് അറോറയെ രാജ്യസഭയിലേക്ക് അയക്കാനുള്ള മുഖ്യമന്ത്രിയുടെനീക്കത്തിന് സച്ചിന്‍ പൈലറ്റ് അടുത്തിടെ തടയിട്ടിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരെ രാജ്യസഭയിലേക്ക് അയക്കുന്നതിന് പകരം വ്യവസായികളെ അയക്കുന്നത് ജനങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശം പ്രചരിപ്പിക്കുമെന്നായിരുന്നു പൈലറ്റിന്റെ വാദം.
കോട്ട സര്‍ക്കാര്‍ ആശുപത്രിയിലെ ശിശുമരണങ്ങളുമായി ബന്ധപ്പെട്ടും സച്ചിന്‍ പൈലറ്റ് സര്‍ക്കാരിനെതിരെ വിമര്‍ശം ഉന്നയിച്ചിരുന്നു. ഇവയടക്കം പല അവസരങ്ങളിലും അശോക് ഗെഹ്‌ലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലുള്ള ഭിന്നത മറനീക്കി പുറത്തുവന്നു.
കോണ്‍ഗ്രസില്‍ ചേര്‍ന്ന വിമത ബി.എസ്.പി എം.എല്‍.എ അടക്കമുള്ളവരുടെ പിന്തുണയോടെയാണ് രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നിലനില്‍ക്കുന്നത്. 200 അംഗ നിയമസഭയില്‍ മൂന്ന് സി.പി.എം എം.എല്‍.എമാരും ഒരു ആര്‍.എല്‍.ഡി എം.എല്‍.എയും ഉള്‍പ്പെടെ 112 എംഎല്‍എമാരുടെ പിന്തുണയാണ് കോണ്‍ഗ്രസിനുള്ളത്.
ബി.ജെ.പിക്ക് 80 എംഎല്‍എമാരുടെ പിന്തുണയുണ്ട്. 20 എം.എല്‍.എമാരെ ചാക്കിട്ടാല്‍ സ്ഥിതിഗതികള്‍ ബി.ജെ.പിക്ക് അനുകൂലമായി മാറും.
മധ്യപ്രദേശിലെ അട്ടിമറിനീക്കത്തെക്കുറിച്ച് നേരത്തെ പ്രവചിച്ചിരുന്ന സബ്രഹ്്മണ്യന്‍ സ്വാമി ഇനി മുന്നില്‍ കാണുന്നത് മഹാരാഷ്ട്രയിലെ അട്ടിമറിയാണ്. മഹാരാഷ്ട്രയില്‍ ഹിന്ദുത്വം ഒരുമിച്ച് ഐക്യത്തോടെ വാഴുന്ന സമയം വരുമെന്നും ഇതിന് അധികസമയം വേണ്ടെന്നുമാണ് സ്വാമിയുടെ പ്രസ്താവന.
അതിനിടെ, ജ്യോതിരാദിത്യ സിന്ധ്യയെയും കുടുംബത്തെയും അവഹേളിച്ച് മധ്യപ്രദേശ് തരാന എം.എല്‍.എ മഹേഷ് പാര്‍മര്‍ രംഗത്തുവന്നു.
രാജ്യദ്രോഹികളുടെ കുടുംബമെന്നാണ് സിന്ധ്യ രാജ വംശത്തെ മഹേഷ് പര്‍മര്‍ വിശേഷിപ്പിച്ചത്. മുഖ്യമന്ത്രി കമല്‍നാഥിന്റെ ഭോപ്പാലിലെ വസതിക്ക് മുന്നില്‍ ഒത്തുകൂടിയ എം.എല്‍.എമാര്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് പാര്‍മറിന്റെ പരാമര്‍ശം.
ജ്യോതിരാദിത്യ സിന്ധ്യയില്‍നിന്നു വന്ന ഈ ചതിയില്‍ തീരെ അത്ഭുതം തോന്നുന്നില്ല. കാരണം അവരുടെ സിന്ധ്യ വംശത്തിന് ചരിത്രത്തില്‍ പോലും ചതിയുടെ കഥയാണ് പറയാനുള്ളത്. അയാളുടെ കുടുംബം രാജ്യദ്രോഹികളുടെ കുടുംബമാണ്. സ്വാതന്ത്ര്യ സമരചരിത്രത്തില്‍ ഝാന്‍സി റാണിയെ ചതിക്കാന്‍ കൂട്ടുനിന്നവരാണ് ആ രാജവംശം. അത് മധ്യപ്രദേശിലെ ജനങ്ങള്‍ക്ക് അറിയാം. ഇപ്പോള്‍ അവര്‍ അത് നേരില്‍ കാണുകയും ചെയ്തു.
ഇനി സിന്ധ്യ അവരെ സേവിക്കണമോ ഇല്ലയോ എന്ന് ജനം തീരുമാനിക്കും. ജനവിധി അനുസരിച്ച് അധികാരത്തില്‍ വന്ന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചവരെ മധ്യപ്രദേശ് ജനത ആട്ടിപ്പായിക്കും- മഹേഷ് പാര്‍മര്‍ പറഞ്ഞു. മധ്യപ്രദേശ് പ്രതിസന്ധയില്‍ തന്റെ പിതാവ് കൈക്കൊണ്ടത് ഉചിത തീരുമാനമാണെന്ന് ജ്യോതിരാദിത്യയുടെ മകന്‍ മഹാനര്യമാന്‍ സിന്ധ്യ പറഞ്ഞു.