Sorry, you need to enable JavaScript to visit this website.

ട്രംപിന്റെ പട മടങ്ങുന്നു; താലിബാന്‍ ആഹ്ലാദത്തില്‍

കാബൂള്‍- അഫ്ഗാനിസ്ഥാനിലെ രണ്ട് താവളങ്ങളില്‍നിന്ന് അമേരിക്കന്‍ സൈനികര്‍ പിന്‍വാങ്ങി തുടങ്ങിയതായി യു.എസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. വ്യാപക ആക്രമണവും രാഷ്ട്രീയ പ്രതിസന്ധിയും ഉണ്ടായിട്ടും അഫ്ഗാന്‍ സര്‍ക്കാരും താലിബാനും തമ്മില്‍ നേരിട്ട് ചര്‍ച്ച നടത്താന്‍ തീരുമാനിച്ച ദിവസം തന്നെയാണ് രണ്ട് പ്രധാന കേന്ദ്രങ്ങളില്‍നിന്നുള്ള യു.എസ് സേനയുടെ പിന്മാറ്റം. ഏറ്റവും കൂടുതല്‍ നീണ്ടുപോയ യുദ്ധം അവസാനിപ്പിക്കാന്‍ തന്നെയാണ് അമേരിക്കയുടെ തീരുമാനം. 14 മാസത്തിനികം അഫ്ഗാനില്‍നിന്ന് എല്ലാ വിദേശ സൈനികരും മടങ്ങുമെന്നാണ് കഴിഞ്ഞ മാസം ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഒപ്പുവെച്ച കരാര്‍. നിലവില്‍ അഫാനിലുള്ള 12,000 യു.എസ് സൈനികരെ ജൂലൈ മധ്യത്തോടെ 8600 ആയി കുറക്കുമെന്നാണ് കരാറില്‍ അമേരിക്ക ഉറപ്പു നല്‍കിയിരുന്നത്. രാജ്യത്തുള്ള 20 താവളങ്ങളില്‍ ആറെണ്ണം പൂട്ടുമെന്നും വ്യക്തമാക്കിയിരുന്നു.
ഹെല്‍മണ്ട് പ്രവിശ്യാ തലസ്ഥാനമായ ലശ്കര്‍ ഗാഹില്‍നിന്നും പടിഞ്ഞാറന്‍ ഭാഗത്തുള്ള ഹെറാത്തില്‍നിന്നുമാണ് സൈനിക പിന്മാറ്റം ആരംഭിച്ചതെന്ന് യു.എസ്. ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. കാണ്ഡഹാര്‍ പ്രവിശ്യയോട് അതിര്‍ത്തി പങ്കിടുന്ന ഹെല്‍മണ്ട് താലിബാന്‍ ശക്തികേന്ദ്രമാണ്. 18 വര്‍ഷത്തെ യുദ്ധത്തില്‍ ഇവിടെയാണ് യു.എസ്, ബ്രീട്ടീഷ് സൈനികര്‍ താലിബാന്‍ പോരാളികളുമായി രൂക്ഷമായി ഏറ്റുമുട്ടിയിരുന്നത്. കഴിഞ്ഞ ദിവസം 20 മുതല്‍ 30 വരെ വിദേശികള്‍ ലശ്കര്‍ ഗാഹ് വിട്ടതായി ഹെല്‍മണ്ട് ഗവര്‍ണറുടെ വക്താവ് ഉമര്‍ സ്വാക് പറഞ്ഞു. അമേരിക്കക്കുമേല്‍ നേടിയ വിജയമായാണ് യു.എസ് സൈനികരുടെ മടക്കത്തെ താലിബാന്‍ വിലയിരുത്തുന്നത്.
ഐ.എസ്, അല്‍ഖാഇദ തുടങ്ങിയ ഗ്രൂപ്പുകളെ നിയന്ത്രിക്കുമെന്നും സമാധാനം ഉറപ്പുവരുത്തുമെന്നുമാണ് താലിബാന്‍ സമാധാന കരാറില്‍ അമേരിക്കക്ക് ഉറപ്പു നല്‍കിയിരിക്കുന്നത്. ഇതോടൊപ്പം അഫ്ഗാന്‍ സര്‍ക്കാരുമായി താലിബാന്‍ നേരിട്ടുള്ള ചര്‍ച്ച ആരംഭിക്കുകയും ചെയ്യും.
അതേസമയം ഇന്നാണ് ചര്‍ച്ച ആരംഭിക്കേണ്ടതെങ്കിലും താലിബാനുമായി ഇടപെടാന്‍ ഐക്യത്തോടെയുള്ള നേതൃത്വത്തെ മുന്നോട്ടുവെക്കാന്‍ അഫ്ഗാന്‍ സര്‍ക്കാരിനു സാധിച്ചിട്ടില്ല. തിങ്കളാഴ്ച രണ്ടാം വട്ടം അധികാരമേറ്റ അശ്‌റഫ് ഖനിക്കെതിരെ വ്യാപക ആരോപണമാണ് ഉയരുന്നത്. എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന അബ്ദുല്ല അബ്ദുല്ല താനും വിജയിയാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

 

Latest News