ഭോപാൽ- മുൻ കേന്ദ്ര മന്ത്രിയും നാലു തവണ ലോക്‌സഭ അംഗവുമായ കോൺഗ്രസ് നേതാവ് ജോതിരാദിത്യ സിന്ധ്യ കോൺഗ്രസിൽനിന്ന് രാജിവെച്ചതായി പ്രഖ്യാപിച്ചു. സോണിയ ഗാന്ധിക്ക് നൽകിയ കത്തിലാണ് രാജിക്കാര്യം പ്രഖ്യാപിച്ചത്. ബി.ജെ.പിയിൽ ചേരാനാണ് സിന്ധ്യ തയ്യാറെടുക്കുന്നത്. അതേസമയം, പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിന് സിന്ധ്യയെ പുറത്താക്കിയതായി കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. കഴിഞ്ഞ ഒരു വർഷമായി താൻ പാർട്ടിയിൽനിന്ന് പുറത്തേക്കുള്ള വഴി തേടുകയായിരുന്നുവെന്നും സിന്ധ്യ കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. കോൺഗ്രസിന് വേണ്ടി ഇനി ഇതിൽക്കൂടുതൽ ഒന്നും ചെയ്യാനില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുമായും സിന്ധ്യ ചർച്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് രാജി പ്രഖ്യാപിച്ചത്. സിന്ധ്യയുമായി കൂറുള്ള ഇരുപതോളം എം.എൽ.എമാർ രാജി സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് വാർത്ത. ഇത് പതിനഞ്ച് മാസം മാത്രം പ്രായമുള്ള കമൽ നാഥ് സർക്കാറിനെ മറിച്ചിട്ടേക്കും. ഇതോടെ കർണാടകക്ക് ശേഷം കോൺഗ്രസിന് നഷ്ടപ്പെടുന്ന രണ്ടാമത്തെ സംസ്ഥാനമായി മധ്യപ്രദേശ് മാറും.