എസ്.എസ്.എല്‍.സി, ഹയര്‍സെക്കണ്ടറി പരീക്ഷ; രണ്ട് കുട്ടികള്‍ക്ക് പ്രത്യേക മുറി

പത്തനംതിട്ട- ഇറ്റലിയില്‍ നിന്നെത്തിയവര്‍ക്ക് പുതിയ കൊറോണ വൈറസ് കോവിഡ്19 സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഇവരുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന രണ്ട് കുട്ടികള്‍ക്ക് പത്താം ക്ലാസ് പരീക്ഷയെഴുതാന്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തി. പരീക്ഷയെഴുതുന്നതിനായി പ്രത്യേക മുറിയും നിരീക്ഷണവുമാണ് ഏര്‍പ്പെടുത്തിയത്. പ്രത്യേക വാഹനത്തിലാണ് ഇവരെ സ്‌കൂളില്‍ എത്തിച്ചത്. പരീക്ഷക്കുശേഷം ഇവരെ ഇതേ വാഹനത്തില്‍ ആശുപത്രിയിലെ ഐസൊലേഷനില്‍ എത്തിക്കും.
സംസ്ഥാനത്ത് എസ്എസ്എല്‍സി - ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ ആരംഭിച്ചിരക്കെ ജാഗ്രത, മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പത്തനംതിട്ടയില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ സമ്പര്‍ക്കം കുറക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് 13.7 ലക്ഷം വിദ്യാര്‍ഥികളാണ് ഇന്ന് എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ പരീക്ഷ എഴുതുന്നത്. പരീക്ഷാ നടത്തിപ്പിനു തടസ്സമാകും വിധം വിദ്യാര്‍ഥികള്‍ക്കു കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നു പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ.ജീവന്‍ബാബു അറിയിച്ചു. ആദ്യമായാണ് മൂന്ന് പരീക്ഷകളും രാവിലെ ഒരേ സമയത്തു നടക്കുന്നത്.

എല്ലാ സ്‌കൂളുകള്‍ക്കും കൊറോണ ജാഗ്രതാ നിര്‍ദേശമുണ്ട്. രോഗം റിപ്പോര്‍ട്ട് ചെയ്ത ജില്ലകളില്‍ പ്രത്യേകം ജാഗ്രത പാലിക്കും. ഒന്‍പതാം ക്ലാസ് വരെയുള്ള പരീക്ഷകള്‍ ഒഴിവാക്കുന്ന കാര്യത്തില്‍ ഇന്നു തീരുമാനം ഉണ്ടാകുമെന്നു മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. ഇക്കാര്യത്തില്‍ മന്ത്രി സി.രവീന്ദ്രനാഥുമായി ഇന്നലെ ചര്‍ച്ച നടത്തി.

 

 

Latest News