Sorry, you need to enable JavaScript to visit this website.

കേരളം വീണ്ടും പാര, യെച്ചൂരി രാജ്യസഭ കാണില്ല

ന്യൂദല്‍ഹി- കേരള-ബംഗാള്‍ ഘടകത്തിന്റെ പോരടിമൂലം സി.പി.എം ജനറല്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വീണ്ടും രാജ്യസഭയിലെത്തില്ല. സീതാറാം യെച്ചൂരിയെ രാജ്യസഭയിലേക്ക് വീണ്ടും നാമനിര്‍ദ്ദേശം ചെയ്യേണ്ടതില്ലെന്ന് സി.പി.എം തീരുമാനിച്ചതായാണു വിവരം. കഴിഞ്ഞ വെള്ളിയാഴ്ച ദല്‍ഹിയില്‍ ചേര്‍ന്ന പി.ബി യോഗത്തിലാണ് തീരുമാനം.
രാജ്യസഭയിലേക്ക് യെച്ചൂരിയുടെ സ്ഥാനാര്‍ഥിത്വത്തെ പിന്തുണക്കാമെന്ന് കോണ്‍ഗ്രസ് അറിയിച്ചെങ്കിലും കേരളത്തിലെ നേതാക്കള്‍ എതിര്‍പ്പ് അറിയിക്കുകയായിരുന്നു. രാഷ്ട്രീയ നിബന്ധനകളും പാര്‍ട്ടിയുടെ രാജ്യസഭാ നാമനിര്‍ദ്ദേശ ചട്ടവും ഉദ്ധരിച്ചുകൊണ്ടാണ് സീതാറാം യെച്ചൂരിയെ പശ്ചിമ ബംഗാളില്‍നിന്ന് രാജ്യസഭയിലേക്ക് അയക്കുന്നതിനെ സി.പി.എം എതിര്‍ത്തത്.  
പാര്‍ട്ടി ജനറല്‍ സെക്രട്ടറി, തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരിക്കുന്ന പാരമ്പര്യമാണ് പാര്‍ട്ടിക്കുള്ളത്. കൂടാതെ ഒരു നേതാവിനെ തുടര്‍ച്ചയായി രണ്ടില്‍ കൂടുതല്‍ തവണ നാമനിര്‍ദ്ദേശം ചെയ്യാറില്ലെന്നും പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കുന്നു. 2005നും 2017നുമിടയില്‍ തുടര്‍ച്ചയായി രണ്ട് തവണ യെച്ചൂരി രാജ്യസഭ എം.പിയായിരുന്നു.
2017 ല്‍ യെച്ചൂരിയുടെ രാജ്യസഭാംഗത്വ കാലാവധി കഴിയാറായപ്പോള്‍ പശ്ചിമ ബംഗാളില്‍നിന്നുള്ള അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വത്തിന് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ വാഗ്ദാനം ചട്ടങ്ങളുടേയും പാര്‍ട്ടി രീതികളുടേയും പേരില്‍ സി.പി.എം തള്ളുകയായിരുന്നു.
മാര്‍ച്ച് 26 നാണ് പശ്ചിമ ബംഗാളില്‍നിന്നുള്ള അഞ്ച് രാജ്യസഭ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്.
പശ്ചിമ ബംഗാളില്‍നിന്നു യെച്ചൂരി രാജ്യസഭയില്‍ എത്തുമെന്നായിരുന്നു കണക്കുകൂട്ടല്‍. കോണ്‍ഗ്രസും ഇതിനെ പിന്തുണച്ചിരുന്നു. എന്നാല്‍, കേരള ഘടകത്തിന്റെ പിടിവാശി യെച്ചൂരിയുടെ മുന്നില്‍ രാജ്യസഭയിലേക്കുള്ള വാതില്‍ അടയ്ക്കുകയായിരുന്നു.

 

 

Latest News