കൊച്ചി- നടിയെ ആക്രമിച്ച കേസില്‍ സാക്ഷിയായ ബിന്ദു പണിക്കര്‍ മൊഴി മാറ്റി. പോലീസിന് മുന്‍പ് നല്‍കിയ മൊഴിയാണ് ബിന്ദു പണിക്കര്‍ കോടതിയില്‍ മാറ്റിപ്പറഞ്ഞത്. നേരത്തെ ഇടവേള ബാബുവും കോടതിയില്‍ മൊഴി മാറ്റിപ്പറഞ്ഞിരുന്നു. ഇതോടെ ഇടവേള ബാബു കൂറുമാറിയതായി കോടതി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ നിയമാനുസൃതമല്ല കുറ്റപത്രമെന്ന നടന്‍ ദിലീപിന്റെ ഹരജി ഹൈക്കോടതി ഇന്ന് തള്ളിയത് അദ്ദേഹത്തിന് തിരിച്ചടിയായിരുന്നു. പ്രതികളായ പള്‍സര്‍ സുനിയും കൂട്ടാളികളും പണം തട്ടാന്‍ ജയിലില്‍നിന്നു തന്നെ ഭീഷണിപ്പെടുത്തിയ കുറ്റകൃത്യം വിചാരണ ചെയ്യുന്നത് പ്രത്യേകമായി വേണമെന്ന ദിലീപിന്റെ ആവശ്യം കോടതി തള്ളി. നടിയെ ആക്രമിച്ചതും പ്രതികള്‍ ദിലീപിനെതിരെ ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളായതിനാല്‍ വിചാരണ ഒരുമിച്ചു നടത്തുന്നതില്‍ തെറ്റില്ലന്ന് ജസ്റ്റിസ് പി.ബി. സുരേഷ് കുമാര്‍ വിധിന്യായത്തില്‍ വ്യക്തമാക്കി.
കേസിലെ എട്ടാം പ്രതിയായ ദിലീപ് ഉന്നയിച്ച വാദങ്ങള്‍ നിയമപരമല്ലന്നും വിചാരണ തുടരാമെന്നു കോടതി പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. തിങ്കളാഴ്ച കുഞ്ചാക്കോ ബോബന്‍, ബിന്ദുപണിക്കര്‍ എന്നിവരുടെ മൊഴികള്‍ കോടതി രേഖപ്പെടുത്തി. മൊഴി നല്‍കുന്നതിനായി ഇരുവരും തിങ്കളാഴ്ച രാവിലെ തന്നെ കോടതിയില്‍ എത്തിയിരുന്നു. വരുംദിവസങ്ങളില്‍ നടനും എം.എല്‍.എയുമായ മുകേഷ് ഉള്‍പ്പടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തേണ്ടതുണ്ട്. എന്നാല്‍ നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ എത്താന്‍ സാധിക്കില്ലെന്ന് മുകേഷ് അധികൃതരെ അറിയിച്ചിട്ടുണ്ട്. വരുംദിവസങ്ങളില്‍ സിദ്ദിഖ് ഉള്‍പ്പടെയുള്ളവരുടെ മൊഴികള്‍ രേഖപ്പെടുത്തും.