ന്യൂദൽഹി- ജമ്മു കശ്മീരിൽ ഓഗസ്റ്റ് അഞ്ചു മുതൽ തടവിലാക്കപ്പെട്ട മൂന്ന് മുൻ മുഖ്യമന്ത്രിമാരെയും ഉടൻ മോചിപ്പിക്കണമെന്ന് എട്ടു പ്രതിപക്ഷ പാർട്ടികൾ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു. ഫാറൂഖ് അബ്ദുല്ല, ഉമർ അബ്ദുല്ല, മെഹബൂബ മുഫ്തി എന്നിവരെ മോചിപ്പിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ് മൂന്ന് മുൻ മുഖ്യമന്ത്രിമാരുടെയും തടവെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ശരദ് പവാറിന്റെ എൻ.സി.പി, തൃണമൂൽ കോൺഗ്രസ്, ജനതാദൾ സെക്യുലർ, സി.പി.എം, സി.പി.ഐ, ആർ.ജെ.ഡി എന്നീ പാർട്ടികളും ബി.ജെ.പി മുൻ നേതാക്കളായ യശ്വന്ത് സിൻഹ, അരുൺ ഷൂരി എന്നിവരുമാണ് നിവേദനത്തിൽ ഒപ്പിട്ടത്. അതേസമയം, കോൺഗ്രസ്, ഡി.എം.കെ എന്നീ പാർട്ടികൾ ഇതിൽ ഒപ്പിട്ടിട്ടില്ല.