Sorry, you need to enable JavaScript to visit this website.

കൊറോണ ഭീതിയില്‍ ആളൊഴിഞ്ഞ് പത്തനംതിട്ട

പത്തനംതിട്ട- അഞ്ചു പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയില്‍ അതീവ ജാഗ്രത. ഭീതി വര്‍ധിച്ചുവരുന്നതിനിടെ വിപുലമായ പ്രതിരോധ നടപടികളാണ് പത്തനംതിട്ട ജില്ലാ ഭരണകൂടം സ്വീകരിച്ചു വരുന്നത്. റാന്നി, പത്തനംതിട്ട നഗരങ്ങളിൽ ആളുകൾ നിരത്തിലിറങ്ങുന്നത് കുറവായി;
മിക്കവരും മാസ്ക് ധരിച്ചിരിക്കുന്നു. ബസുകളിൽ ഒന്നോ രണ്ടോ യാത്രക്കാരായി ചുരുങ്ങുന്നു .കോവിഡിനെ നേരിടാൻ ജില്ലയില്‍ പ്രവര്‍ത്തനരഹിതമായി കിടക്കുന്ന രണ്ടു ആശുപത്രികള്‍ പൂര്‍ണമായും ഐസോലേഷന്‍ വാര്‍ഡുകളാക്കി മാറ്റാനാണ് അധികൃതരുടെ തീരുമാനം.

രണ്ട് സ്വകാര്യ ആശുപത്രികളാണ് ഐസോലേഷന്‍ വാര്‍ഡാക്കി മാറ്റുന്നത്. ഇതുസംബന്ധിച്ച് മാനേജുമെന്റുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി.നൂഹ് അറിയിച്ചു.

റാന്നി വടശ്ശേരിക്കരയിലെഅയ്യപ്പ മെഡിക്കല്‍ കോളേജ്, പന്തളത്തെ അര്‍ച്ചന ആശുപത്രി എന്നീ ആശുപത്രികളാണ് താത്ക്കാലിക ക്യാംപുകളാക്കി മാറ്റുന്നത്. കോവിഡ്-19 ബാധയില്‍ മൂവായിരത്തോളം പേര്‍ ജില്ലയില്‍ മാത്രം നിരീക്ഷണത്തിലുള്ള സാഹചയ്രത്തിലാണ് കൂടുതല്‍ പ്രതിരോധ നടപടികളിലേക്ക് ജില്ലാ ഭരണകൂടം കടക്കുന്നത്.

കോവിഡ്-19 ഭീതിയില്‍ പത്തനംതിട്ടയിലെ കോടതികള്‍ക്ക് റഗുലര്‍ സിറ്റിങ്ങ് 16 വരെ നിര്‍ത്തിവച്ചിരിക്കുകയാണ്. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അടുത്ത മൂന്ന് ദിവസത്തേയ്ക്ക് അവധി നല്‍കിയിട്ടുണ്ട്

Latest News