മംഗളുരു- കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങളുടെ ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലുള്ള യുവാവിനെ കാണാതായി.ഞായറാഴ്ച ദുബൈയില്‍ നിന്ന് എയര്‍പോര്‍ട്ടിലെത്തിയ കൊറോണ വൈറസിന്റെ ലക്ഷണങ്ങളുള്ള യുവാവിനെ ജില്ലാ വെന്‍ലോക്ക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ഈ യുവാവ് അധികൃതരുടെ കണ്ണുവെട്ടിച്ച് മുങ്ങിയെന്നാണ് റിപ്പോര്‍ട്ട്. വൈറസ് ബാധിച്ചിട്ടില്ലെന്ന് അദേഹം രാത്രി ആശുപത്രി അധികൃതരോട് തര്‍ക്കിച്ചതായും സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുമെന്ന് പറഞ്ഞതായും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
ഇതിന് ശേഷമാണ് ഇയാള്‍ പുറത്തുപോയത്. ഇയാളെ കണ്ടെത്താനായി ആരോഗ്യവകുപ്പ് പോലിസിനെ വിളിച്ചുവരുത്തിയിട്ടുണ്ട്. രോഗിയെ 24 മണിക്കൂര്‍ നിരീക്ഷണത്തിലാക്കുമെന്നും പതിവ് പരിശോധനകള്‍ക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്യുമെന്നും ദക്ഷിണ കന്നഡ ജില്ലാ ആരോഗ്യ ഓഫീസര്‍ സിക്കന്ദര്‍ പാഷ നേരത്തെ വ്യക്തമാക്കിയിരുന്നു. ജില്ലാ ആരോഗ്യ വകുപ്പ് തിങ്കളാഴ്ച മംഗളൂരു പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി അന്വേഷണം തുടരുകയാണ്.