വംശീയതയുടെ ഇരകളോട് കാണിച്ച അനുകമ്പക്ക് ജസീന്ദ വില നല്‍കേണ്ടി വരുമോ; ജനപ്രീതി കുറയുന്നു

ക്രൈസ്റ്റ് ചര്‍ച്ച് പള്ളി വെടിപ്പിനുശേഷം ഇരകളോട് കാണിച്ച അനുകമ്പക്കും കരുതലിനും ആഗോള തലത്തില്‍ പ്രശംസിക്കപ്പെട്ട ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡെന് സ്വന്തം രാജ്യത്ത് ജനപ്രീതി കുറയുന്നു. ജസീന്ദ മാനിയക്കുശേഷം അവരുടെ രാഷ്ട്രീയ ഭാവി അനിശ്ചിതത്വത്തിലേക്ക് നീങ്ങുകയാണ്.

അധികാരത്തിലേറി 18 മാസം പിന്നിട്ടപ്പോഴായിരുന്നു കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 15-ന് രണ്ട് മുസ്്‌ലിം പള്ളികളില്‍ വംശവെറിയനായ വെള്ളക്കാരന്‍ നിറയൊഴിച്ചതും 51 പേര്‍ കൊല്ലപ്പെട്ടതും. 40 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ന്യൂസിലാന്‍ഡിന്റെ ചരിത്രത്തില്‍ നേരിട്ട കടുത്ത വെല്ലുവളിയെ അസാമാന്യ ധീരതയോടെയും നിര്‍ണായക തീരുമാനങ്ങളെടുത്തും അനുകമ്പ കാണിച്ചുമാണ് പ്രധാനമന്ത്രി ജസീന്ദ നേരിട്ടത്. ഇതു തെന്നെയാണ് അവരെ ലോക പ്രശസ്തയാക്കിയതും.

രാജ്യത്തെ മുസ്ലിംകള്‍ക്ക് പിന്തുണ ഉറപ്പു നല്‍കിയും വംശീയത തള്ളിക്കളഞ്ഞും തോക്ക് സംസ്‌കാരത്തിനു കടിഞ്ഞാണിട്ടും ശ്രദ്ധ നേടിയ അവര്‍ ആഗോളാടിസ്ഥാനത്തില്‍തന്നെ ഓണ്‍ലൈന്‍ തീവ്രവാദത്തിനെതിരായ പ്രചാരണത്തിനു തുടക്കമിടുകയും ചെയ്തു.

ജസീന്ദയുടെ പ്രശസ്തി വ്യക്തി എന്ന നിലയില്‍ 51 ശതമാനം ഉയര്‍ന്നപ്പോള്‍ അവരുടെ ലേബര്‍ പാര്‍ട്ടിക്കും ജനപ്രീതി വര്‍ധിച്ചു. ഇതേ തുടര്‍ന്നാണ് ഈ വര്‍ഷം അവസാനത്തോടെ വീണ്ടും തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനം കൈക്കോണ്ടത്.

എന്നാല്‍ വോട്ടെടുപ്പ് നടക്കാനിരിക്കുന്ന സെപ്റ്റംബര്‍ 19 അടുത്തുവരവെ രാജ്യത്ത് അവരുടെ ജനപ്രീതി കുറയുകയാണെന്ന് അഭിപ്രായ വോട്ടെടുപ്പുകള്‍ തെളിയിക്കുന്നു. വലതുപക്ഷ ദേശീയ പാര്‍ട്ടിയാണ് ജസിന്ദയുടെ ലേബര്‍ പാര്‍ട്ടിയേക്കാള്‍ അഞ്ച് പോയന്റ് മുന്നിട്ടുനില്‍ക്കുന്നത്.

ദേശീയത ഉയര്‍ത്തിപ്പിടിച്ചുള്ള എതിരാളികളുടെ പ്രചാരണത്തോടൊപ്പം പാര്‍പ്പിട പ്രശ്‌നത്തിലും ദാരിദ്ര്യ നിര്‍മാര്‍ജനത്തിലുമാണ് ലേബര്‍ പാര്‍ട്ടി ഇപ്പോള്‍ വെല്ലുവളി നേരിടുന്നത്. 2017 ലെ തെരഞ്ഞെടുപ്പില്‍ ചെറുകിട പാര്‍ട്ടികളെ കൂട്ടുപിടച്ചാണ് ലേബര്‍ പാര്‍ട്ടി സര്‍ക്കാര്‍ രൂപകരിച്ചതെങ്കില്‍ അവയില്‍ ഒരു പാര്‍ട്ടി ഇടഞ്ഞിരിക്കയാണ്.

ആഗോള പ്രശസ്തിക്കിടയിലും രാജ്യത്ത് ജനങ്ങള്‍ തരിച്ചടി നല്‍കിയ ജോണ്‍ എഫ്. കെന്നഡിയുടേയും ബരാക്ക് ഒബാമയുടേയും വിധിയാണ് ജസീന്ദയേയും കാത്തിരിക്കുന്നതെന്ന് നിരീക്ഷകര്‍ അഭിപ്രയപ്പെടുന്നു.

 

Latest News