ലഖ്‌നൗ- പൗരത്വ നിയമ ഭേഗതിക്കെതിരായ പ്രതിഷേധങ്ങളെ തുടര്‍ന്നുണ്ടായ അക്രമങ്ങളില്‍ കുറ്റാരോപിതരായവരുടെ ചിത്രങ്ങള്‍ വലിയ ബോര്‍ഡുകളാക്കി നഗരത്തില്‍ സ്ഥാപിച്ച യു.പി സര്‍ക്കാരിനെ അലഹബാദ് ഹൈക്കോടതി നിര്‍ത്തിപ്പൊരിച്ചു. ജനങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് സര്‍ക്കാരിന്റെ പ്രവൃത്തിയെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഞായറാഴ്ച അവധി ദിനമായിട്ടും കോടതി ഒരു മണിക്കൂര്‍ കൂടി സ്വമേധയാ കേസെടുക്കുകയായിരുന്നു. മൂന്നു മണിക്ക് മുമ്പായി ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്നു പ്രത്യേക സിറ്റിംഗില്‍ കോടതി ആവശ്യപ്പെട്ടു.
ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാഥുര്‍, ജസ്റ്റിസ് രമേശ് സിന്‍ഹ എന്നിവരുടെ ബെഞ്ചാണ് വിഷയത്തില്‍ പ്രത്യേക സിറ്റിംഗ് നടത്തിയത്.
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ പൊതുമുതല്‍ നശിപ്പിച്ചെന്നാരോപിച്ച് നഷ്ടപരിഹാരം ഈടാക്കുന്നതിന് വേണ്ടിയാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്. ലഖ്‌നൗ ഭരണകൂടത്തിന്റേതായിരുന്നു നടപടി. അറുപതോളം പ്രതിഷേധക്കാരുടെ പേരും ചിത്രവും വിവരങ്ങളും ഉള്‍പ്പെടുത്തിയ ബാനറുകള്‍ ലഖ്‌നൗ നഗരത്തിലുടനീളം സ്ഥാപിച്ചിരുന്നു.
ഫോട്ടോകള്‍ വെച്ച് ബോര്‍ഡ് സ്ഥാപിച്ച ഭരണകൂടത്തിന്റെ നടപടി അങ്ങേയറ്റം നീതികേടാണ്. വ്യക്തിസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണിതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദേശത്തിലാണ് നടപടിയെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ബാനറിലുള്ളവര്‍ കുറ്റാരോപിതരാണെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വ്യക്തമാക്കി. എന്നാല്‍ അതിന് ഓരോരുത്തര്‍ക്കും നോട്ടീസ് അയക്കുകയാണ് വേണ്ടതെന്നും കോടതി നിര്‍ദേശിച്ചു.
പൊതുപ്രവര്‍ത്തകര്‍ സദാഫ് ജാഫര്‍, അഭിഭാഷകനായ മുഹമ്മദ് ഷുഹൈബ്, പൊതുപ്രവര്‍ത്തകനും മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനുമായ എസ്.ആര്‍.ദാരാപുരി അടക്കമുള്ളവരുടെ പേരുകള്‍ ബോര്‍ഡിലുണ്ടായിരുന്നു.