മുംബൈ- പ്രതിസന്ധിയിലായ യെസ് ബാങ്കിന് ഒരു മാസത്തെ മോറട്ടോറിയവും, അക്കൗണ്ടുകളില്‍ നിന്നും നിക്ഷേപകര്‍ പിന്‍വലിക്കുന്ന പണത്തിന് 50,000 രൂപ പരിധിയും നിശ്ചയിച്ച റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നടപടിക്ക് പിന്നാലെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) രംഗത്ത്. യെസ് ബാങ്കില്‍ 49 ശതമാനം ഓഹരികള്‍ തങ്ങള്‍ വാങ്ങാന്‍ സാധ്യതയുണ്ടെന്നാണ് എസ്ബിഐ വ്യക്തമാക്കിയിരിക്കുന്നത്.
യെസ് ബാങ്കില്‍ 49 ശതമാനം ഓഹരികള്‍ വാങ്ങാന്‍ എസ്ബിഐ ബോര്‍ഡ് തത്വത്തില്‍ അനുമതി നല്‍കിയതായി എസ്ബിഐ ചെയര്‍പേഴ്‌സണ്‍ രജനീഷ് കുമാര്‍ മുംബൈയില്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ ചുരുങ്ങിയത് 2450 കോടി രൂപ യെസ് ബാങ്കില്‍ നിക്ഷേപിക്കുമെന്നാണ് കരുതുന്നത്.
'എസ്ബിഐയും, ലീഗല്‍ ടീമും പദ്ധതി സ്വീകരിച്ചിട്ടുണ്ട്. എസ്ബിഐ ബോര്‍ഡ് പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം നല്‍കിയെന്ന് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിനെ അറിയിച്ചിട്ടുണ്ട്. 49 ശതമാനം ഓഹരി എടുക്കുന്ന കാര്യമാണ് പരിഗണിക്കുന്നത്', രജനീഷ് കുമാര്‍ വ്യക്തമാക്കി. അഡ്മിനിസ്‌ട്രേഷന് കീഴില്‍ നിന്നും പുറത്തുവന്ന് സാധാരണ നിലയില്‍ പ്രവര്‍ത്തനം നടത്താനുള്ള ശേഷി യെസ് ബാങ്കിന് ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
യെസ് ബാങ്കിനെ രക്ഷിക്കുന്നതിനൊപ്പം അതിന്റെ ആരോഗ്യവും വീണ്ടെടുക്കുന്നതിനാണ് പ്രാധാന്യം നല്‍കുന്നതെന്ന് രജനീഷ് കുമാര്‍ പറഞ്ഞു. 'ബാങ്ക് നിലനില്‍ക്കേണ്ടത് അത്യാവശ്യമാണ്, ഒരു ബാങ്ക് പരാജയപ്പെട്ടാല്‍ സമ്പദ് വ്യവസ്ഥയില്‍ അതിന്റെ പ്രത്യാഘാതം ഗുരുതരമാകും. എസ്ബിഐയ്ക്ക് വലുപ്പവും, വിശ്വാസ്യതയുമുണ്ട്.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.