ന്യൂദല്‍ഹി- കൊറോണ വൈറസിന്റെ പേരില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങളില്‍ വീഴരുതെന്ന് ജനങ്ങളെ ഉപദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കൊറോണയെ പ്രതിരോധിക്കാന്‍ ചെയ്യേണ്ടതും, ചെയ്യേണ്ടാത്തതുമായ കാര്യങ്ങളിലാണ് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത്. ഇതുവരെ രാജ്യത്ത് 31 പേര്‍ക്കാണ് വൈറസ് പിടിപെട്ടിരിക്കുന്നത്.'ഇത്തരം സമയങ്ങളില്‍ അഭ്യൂഹങ്ങള്‍ അതിവേഗം പ്രചരിക്കും. ചില ആളുകള്‍ അത് കഴിക്കരുത്, ഇത് ചെയ്യരുത് എന്നൊക്കെ പറയും. മറ്റ് ചിലര്‍ കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ചില ഭക്ഷണങ്ങള്‍ കഴിക്കാന്‍ ഉപദേശിക്കും. ഇത്തരം അഭ്യൂഹങ്ങളൊക്കെ നമുക്ക് തള്ളിക്കളയാം', പ്രധാനമന്ത്രി പറഞ്ഞു. എന്ത് ചെയ്യുന്നതും, ഡോക്ടര്‍മാരുടെ ഉപദേശം തേടിയ ശേഷം മാത്രമായിരിക്കണം' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചില സംഘപരിവാര്‍ നേതാക്കള്‍ ഗോമൂത്രം ഉപയോഗിക്കാനും, ചാണകവുമായി ബന്ധപ്പെട്ട ചില പ്രയോഗങ്ങള്‍ നടത്താനും ആഹ്വാനം ചെയ്തത് വലിയ വിവാദങ്ങളിലേക്ക് വഴിവെച്ചിരുന്നു. ഇത്തരം പ്രചരണങ്ങളെ തള്ളിയാണ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്. ഭാരതീയ ജന്‍ഔഷധി കേന്ദ്രങ്ങളില്‍ നിന്നുള്ള ആളുകളുമായി സംവദിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.'കുടുംബത്തിലെ മറ്റ് ആളുകള്‍ക്കും ഇന്‍ഫെക്ഷന്‍ പകരാനുള്ള സാധ്യതയുണ്ട്. അതിനാല്‍ സംശയം തോന്നിയാല്‍ പരിശോധനകള്‍ നടത്തണം. കുടുംബാംഗങ്ങള്‍ മാസ്‌കും, ഗ്ലൗസും അണിയുകയും, മറ്റുള്ളവരുമായി സഹവാസം ഒഴിവാക്കുകയും വേണം', പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. രാജ്യത്ത് കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷ വര്‍ദ്ധനുമായി ചര്‍ച്ച നടത്താന്‍ ഒരുങ്ങുകയാണ് പ്രധാനമന്ത്രി.