Sorry, you need to enable JavaScript to visit this website.

കൊറോണ: റീ എൻട്രിയിലും പുതിയ വിസയിലും സൗദിയിലേക്ക് വരുന്നവർക്ക് ആരോഗ്യ സർട്ടിഫിക്കറ്റ് നിർബന്ധം

റിയാദ്- കൊറോണ ബാധിച്ച രാജ്യങ്ങളിൽനിന്ന് സൗദിയിലേക്ക് വരുന്നവർക്ക് ആരോഗ്യസർട്ടിഫിക്കറ്റ് നിർബന്ധമാക്കി സൗദി ആരോഗ്യ മന്ത്രാലയം. പുതിയ വിസക്കും റീ എൻട്രിയിൽ നാട്ടിലേക്ക് പോയി രണ്ടാഴ്ചയിലധികം തങ്ങിയവർക്കും പി.സി.ആർ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. സൗദി കോൺസുലേറ്റിന്റെ അംഗീകാരമുള്ള ആരോഗ്യകേന്ദ്രങ്ങളിൽനിന്ന് യാത്രയുടെ 24 മണിക്കൂർ മുമ്പ് എടുത്ത സർട്ടിഫിക്കറ്റ് മാത്രമേ സ്വീകരിക്കൂ. ഇത്തരം സർട്ടിഫിക്കറ്റുകൾ പരിശോധിച്ച് യാത്രക്കാർക്ക് ബോർഡിംഗ് പാസുകൾ നൽകേണ്ട ഉത്തരവാദിത്വം അതാത് എയർലൈനുകൾക്കായിരിക്കുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കൊറോണ ബാധിച്ച രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് ഉത്തരവ് ബാധകമാണ്. സൗദി ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ കൊറോണ ബാധിത രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുമുണ്ട്.  


അതേസമയം, യു.എ.ഇ, കുവൈത്ത്, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിൽനിന്ന് സൗദി അറേബ്യയിലേക്ക് കരമാർഗമുള്ള പ്രവേശനത്തിനു നിയന്ത്രണം ഏർപ്പെടുത്തി. കോവിഡ് 19 വ്യാപനത്തിനെതിരായ മുൻകരുതലിന്റെ ഭാഗമായാണ് നടപടി. മൂന്ന് ഗൾഫ് അയൽരാജ്യങ്ങളിൽനിന്നു വരുന്ന ട്രക്കുകളെ കർശന പരിശോധനക്കു ശേഷമേ കടത്തിവിടുവെന്ന് ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് ഔദ്യോഗിക വാർത്താ ഏജൻസി എസ്.പി.എ റിപ്പോർട്ട് ചെയ്തു.

ഇന്നു രാത്രി 11.55 മുതൽ എയർപോർട്ടികളിലൂടെ മാത്രമായിരിക്കും ഈ രാജ്യങ്ങളിൽനിന്നു വരുന്നവർക്ക് പ്രവേശനം. റിയാദിലെ കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ട്, ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ട്, ദമാമിലെ കിംഗ് ഫഹദ് ഇന്റർനാഷണൽ എയർപോർട്ട് എന്നീ മൂന്ന് എയർപോർട്ടുകൾ വഴിയാണ് പ്രവേശനം അനുവദിക്കുക. എയർപോർട്ടുകളിൽ ആരോഗ്യ വകുപ്പ് പ്രവർത്തകർ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കും. 

Latest News