ന്യൂദല്‍ഹി- മീഡിയാ വണിനും ഏഷ്യാനെറ്റിനും ഏര്‍പ്പെടുത്തിയ സംപ്രേഷണ വിലക്ക് പിന്‍വലിച്ചത് കേന്ദ്ര സര്‍ക്കാര്‍ എല്ലായിപ്പോഴും മാധ്യമ സ്വാതന്ത്ര്യത്തെ പിന്തുണക്കുന്നതിനാലാണെന്ന് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്തി പ്രകാശ് ജാവഡേക്കര്‍. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടു ചാനലുകളുടേയും നിരോധം നീക്കിയതായി കേന്ദ്ര മന്ത്രി പറഞ്ഞു.
മാധ്യമങ്ങളുടെ ഭാഗത്തുനിന്നും ജനങ്ങളുടെ ഭാഗത്തുനിന്നും വന്‍ പ്രതിഷേധം ഉയര്‍ന്നതിനു പിന്നാലെയാണ് 48 മണിക്കൂര്‍ സമയത്തേക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നേരത്തെ തന്നെ പിന്‍വലിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോഡി ആശങ്ക അറിയിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു. ഏഷ്യാനെറ്റ് അധികൃതര്‍ തന്നോട് രാത്രി തന്നെ സംസാരിച്ചുവെന്നും തുടര്‍ന്ന് വിലക്ക് നീക്കിയെന്നും പിന്നാലെ മീഡിയാ വണിന്റെ വിലക്ക് നീക്കിയെന്നും അദ്ദേഹം അവകാശപ്പെട്ടു. അടിയന്തരവസ്ഥക്കെതിരെ പൊരുതിയവരാണ് തങ്ങളെന്നും മാധ്യമസ്വാതന്ത്യത്തെ വിലമതിക്കുന്നുവെന്നും മന്ത്രി ജാവഡേക്കര്‍ പറഞ്ഞു.
വിഷയം പരിശോധിക്കുമെന്നും അപാകതകളുണ്ടെങ്കില്‍ തിരുത്തുമെന്നും ആവശ്യമെങ്കില്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കുമെന്നും മന്ത്രി ജാവഡേക്കര്‍ പറഞ്ഞു.
കഴിഞ്ഞ ആറു വര്‍ഷത്തിനിടെ രാജ്യത്തെ ഒറ്റ ബോംബ് സ്‌ഫോടനവുമില്ലാത്തതിനു കാരണം മോഡി സര്‍ക്കാര്‍ സ്വീകരിച്ച ശക്തമായ നടപടികളാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.