ന്യൂദല്‍ഹി- അന്താരാഷ്ട്ര വനിതാ ദിനത്തിലേക്ക് ക്ഷണിക്കപ്പെട്ട എട്ടുവയസ്സുകാരി ക്ഷണം നിരസിച്ച് പ്രധാനമന്തി നേരന്ദ്ര മോഡിക്ക് ട്വീറ്റ് ചെയ്തു. വനിതാദിനത്തില്‍ പങ്കുചേരാന്‍ ക്ഷണിച്ച പരിസ്ഥിതി പ്രവര്‍ത്തകയായ ഇന്ത്യന്‍ വിദ്യാര്‍ഥിനി ലിസിപ്രിയ കാംഗുജമാണ് ക്ഷണം നിരസിച്ചത്.
പ്രചോദനമേകുന്ന വ്യക്തികളില്‍ എന്നെ ഉള്‍പ്പെടുത്തിയതില്‍ സന്തോഷമുണ്ടെങ്കിലും ഞാന്‍ പറയുന്നത് കേള്‍ക്കാന്‍ തയാറല്ലാത്ത നിങ്ങളോടൊപ്പം ആഘോഷിക്കാനില്ലെന്നാണ് ലിസിപ്രിയ അറിയിച്ചത്.
ഡോ.എ.പി.ജെ. അബ്ദുല്‍ കാലം ചില്‍ഡ്രന്‍ അവാര്‍ഡ്, വേള്‍ഡ് ചില്‍ഡ്രന്‍ പ്രൈസ്, ഇന്ത്യ പീസ് പ്രൈസ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ നേടിയ ലിസിപ്രിയയെ പ്രചോദനമേകുന്ന വനിതകളില്‍ ഉള്‍പ്പെടുത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ ആദരിച്ചത്.
മഡ്രിഡില്‍ നടന്ന യു.എന്‍ കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസംഗകയായി എത്തി മണിപ്പുരില്‍ നിന്നുള്ള ഈ എട്ടു വയസ്സുകാരി വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. പിതാവ് കെ.കെ.സിങ്ങിനൊപ്പമാണ് ലിസിപ്രിയ യു.എന്‍ സമ്മേളനത്തില്‍ പങ്കെടുത്തത്.
കാലാവസ്ഥാ മാറ്റത്തില്‍ നിന്നു ലോകത്തെ രക്ഷിക്കാന്‍ വീറോടെ പൊരുതുന്ന സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുംബെര്‍ഗിന് ഒരു ഇന്ത്യന്‍ കൂട്ടുകാരിയെന്ന വിശേഷണത്തോടെയാണ് ലിസിപ്രിയയെ മാധ്യമങ്ങള്‍ പരിചയപ്പെടുത്തിയിരുന്നത്.
വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
യുഎന്നില്‍ നിന്ന് കത്തു കിട്ടിയപ്പോള്‍ ലിസിപ്രിയയുടെ കുടുംബം വിമാന ടിക്കറ്റും സഹായങ്ങളും തേടി മന്ത്രിമാരുള്‍പ്പെടെ പലരെയും സമീപിച്ചെങ്കിലും ആരും സഹായിച്ചിരുന്നില്ല. ഒടുവില്‍ ഭുവനേശ്വറില്‍ നിന്നൊരു വ്യക്തിയാണ് ഫ്‌ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്തു നല്‍കിയത്. അമ്മയുടെ സ്വര്‍ണം വിറ്റ് ഹോട്ടലും ബുക്ക് ചെയ്തു. എന്നാല്‍ പുറപ്പെടുന്നതിനു തൊട്ടു മുന്‍പ് യാത്രയുടെ മുഴുവന്‍ ചെലവും സ്പാനിഷ് സര്‍ക്കാര്‍ ഏറ്റെടുത്തതായി അറിയിപ്പു ലഭിച്ചു.