Sorry, you need to enable JavaScript to visit this website.

പുല്‍വാമ ആക്രമണം: രാസവസ്തുക്കള്‍ ആമസോണില്‍നിന്ന് വാങ്ങി; രണ്ട് പേര്‍ കൂടി അറസ്റ്റില്‍

ശ്രീനഗര്‍- കഴിഞ്ഞ വര്‍ഷം നടന്ന പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ കൂടി അറസ്റ്റിലായി. സ്‌ഫോടക വസ്തുക്കള്‍ നിര്‍മിക്കുന്നതിനുള്ള രാസവസ്തുക്കള്‍ വാങ്ങിയത്  ഓണ്‍ലൈന്‍ വഴിയാണെന്ന് ഇവരില്‍ ഒരാള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചു.


വൈസുല്‍ ഇസ്ലാം (19) , മുഹമ്മദ് അബ്ബാസ് റാത്തര്‍ (32) എന്നിവരെയാണ്  അറസ്റ്റ് ചെയ്തത്. പുല്‍വാമ ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം ഇതോടെ അഞ്ചായി.


പുല്‍വാമ ആക്രമണത്തിന് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് ആണ് ഉപയോഗിച്ചത്. ഇത് നിര്‍മിക്കുന്നതിനുള്ള രാസവസ്തുക്കളും ബാറ്ററികളും മറ്റു സാമഗ്രികളം ഇ- കൊമേഴ്സ് സൈറ്റായ ആമസോണില്‍നിന്ന് വാങ്ങിയെന്നാണ് വൈസുല്‍ ഇസ്്‌ലാം സമ്മതിച്ചത്. 40 സി.ആര്‍.പി.എഫ് ഭടന്മാരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു.

ഗുഢാലോചന നടത്തിയ ശേഷം വാങ്ങിയ സാധനങ്ങള്‍ ഭീകരര്‍ക്ക് നേരിട്ട് കൊണ്ടുപോയി കൊടുത്തത് വൈസുല്‍ ഇസ്ലാമാണെന്നും ദേശീയ അന്വേഷണ ഏജന്‍സി( എന്‍ഐഎ) പറയുന്നു. 2018 ഏപ്രില്‍ മുതല്‍ മെയ് വരെ  ജെയ്ശെ മുഹമ്മദ് ഭീകരനും ബോംബ് നിര്‍മാണ വിദഗ്ധനുമായ മുഹമ്മദ് ഉമറിന് വൈസുല്‍ ഇസ്്‌ലാം തന്റെ വീട്ടില്‍ താമസ സൗകര്യം ഒരുക്കിയെന്നും എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ പറയുന്നു.  

ചാവേറായ ആദില്‍ അഹമ്മദ് ദര്‍, ജെയ്ശെ മുഹമ്മദ് ഭീകരരായ സമീര്‍ അഹമ്മദ് ദര്‍, കംറാന്‍ എന്നിവരെയും പുല്‍വാമ ആക്രമണത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് വരെ സ്വന്തം വീട്ടില്‍ വൈസുല്‍ ഇസ്്‌ലാം താമസിപ്പിച്ചിരുന്നു.

പുല്‍വാമ ആക്രമണത്തിന് അമോണിയം നൈട്രേറ്റ്, നൈട്രോ ഗ്ലിസറിന്‍, ആര്‍ഡിഎക്സ് എന്നിവ ഉപയോഗിച്ചാണ് ഭീകരര്‍ ബോംബ് നിര്‍മിച്ചത്.


2019 ഫെബ്രുവരി 14നായിരുന്നു രാജ്യത്തെ ഞെട്ടിച്ച പുല്‍വാമ ഭീകരാക്രമണം.

 

Latest News