കുവൈത്ത് സിറ്റി- ഇന്ത്യയടക്കം ഏഴു രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള വിമാനങ്ങള്‍ കുവൈത്ത് നിര്‍ത്തിവെച്ചു.
ഇന്ത്യക്കു പുറമെ ഈജിപ്ത്, ലെബനോന്‍, സിറിയ, ബംഗ്ലാദേശ്, ഫിലിപ്പൈന്‍സ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിലേക്കുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കിയതായി കുവൈത്ത് ഡയരക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) അറിയിച്ചു.
കഴിഞ്ഞ രണ്ടാഴ്ചക്കിടെ ഈ രാജ്യങ്ങളില്‍ താമസിച്ചവര്‍ക്ക് പ്രവേശനവും വിലക്കിയിട്ടുണ്ട്. കുവൈത്ത് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് വഴി സര്‍വീസുള്ള എല്ലാ വിമാന കമ്പനികള്‍ക്കും ഇതുസംബന്ധിച്ച് സര്‍ക്കുലര്‍ നല്‍കിയതായും ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കി.
ഏഴ് രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ ഇപ്പോള്‍ ഏതെങ്കിലും എയര്‍പോര്‍ട്ടുകളില്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് റെഡിസന്‍സി, വിസ ഉണ്ടെങ്കിലും പ്രവേശനം അനുവദിക്കില്ല. അതേസമയം, ഈ രാജ്യങ്ങളില്‍നിന്ന് വരുന്ന കുവൈത്ത് പൗരന്മാരെ എയര്‍പോര്‍ട്ടില്‍നിന്ന് നേരെ ഐസൊലോഷന്‍ വാര്‍ഡുകളിലേക്ക് മാറ്റും.
ചൈന, ഹോങ്കോംഗ്, ഇറാന്‍, ദക്ഷിണ കൊറിയ, തായ്‌ലന്‍ഡ്, ഇറ്റലി, സിംഗപ്പൂര്‍, ജപ്പാന്‍, ഇറാഖ് എന്നീ രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള യാത്ര കുവൈത്ത് നേരത്തെ നിരോധിച്ചിരുന്നു.