റിയാദ്-യു.എ.ഇ, കുവൈത്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് സൗദി അറേബ്യയിലേക്ക് കരമാര്‍ഗമുള്ള പ്രവേശനത്തിനു നിയന്ത്രണം. കോവിഡ് -19 വ്യാപനത്തിനെതിരായ മുന്‍കരുതലിന്റെ ഭാഗമായാണ് നടപടി.
മൂന്ന് ഗള്‍ഫ് അയല്‍രാജ്യങ്ങളില്‍നിന്നു വരുന്ന ട്രക്കുകളെ കര്‍ശന പരിശോധനക്കു ശേഷം കടത്തിവിടുമെന്ന് ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി എസ്.പി.എ റിപ്പോര്‍ട്ട് ചെയ്തു.
ഇന്നു രാത്രി 11.55 മുതല്‍ എയര്‍പോര്‍ട്ടികളിലൂടെ മാത്രമായിരിക്കും ഈ രാജ്യങ്ങളില്‍നിന്നു വരുന്നവര്‍ക്ക് പ്രവേശനം. റിയാദിലെ കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ദമാമിലെ കിംഗ് ഫഹദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്നീ മൂന്ന് എയര്‍പോര്‍ട്ടുകള്‍ വഴിയാണ് പ്രവേശനം അനുവദിക്കുക.
എയര്‍പോര്‍ട്ടുകളില്‍ ആരോഗ്യ വകുപ്പ് പ്രവര്‍ത്തകര്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കും. കോവിഡ് 19 വ്യാപനം ഗുരുതരമായ രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ പുതിയ കൊറോണ വൈറസ് ഇല്ലെന്ന് തെളിയിക്കുന്ന ലബോറട്ടറി പരിശോധനാ റിപ്പോര്‍ട്ട് നല്‍കേണ്ടി വരും. സൗദിയിലേക്ക് വരുന്നതിന് 14 ദിവസം മുമ്പ് ഈ രാജ്യങ്ങളില്‍ താമസിച്ചവര്‍ക്കാണ് പരിശോധനാ റിപ്പോര്‍ട്ട് നിര്‍ബന്ധമാക്കിയിരിക്കുന്നത്.