ന്യൂദൽഹി- തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് 2015 ലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കി നടത്തരുതെന്ന ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്റെ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.
വോട്ടർ പട്ടികയിൽ തീരുമാനമെടുക്കാൻ തെരഞ്ഞെടുപ്പു കമ്മീഷന് അധികാരമുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. ഹൈക്കോടതി നിർദേശിച്ചത് അനുസരിച്ച് 2019 ലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കി വോട്ടെടുപ്പു നടത്താൻ പത്തു കോടി രൂപ അധികം വേണ്ടിവരുമെന്ന് കമ്മീഷനു വേണ്ടി ഹാജരായ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ പറഞ്ഞു. തെരഞ്ഞെടുപ്പു വൈകിപ്പിക്കുക മാത്രമാണ് കമ്മീഷൻ നടപടിയെ എതിർക്കുന്ന ലക്ഷ്യമെന്ന് എ.ജി ആരോപിച്ചു.
2019 ലെ വോട്ടർ പട്ടിക വാർഡ് തലത്തിലേക്കു പുനഃസംവിധാനം ചെയ്യുക മാത്രമാണ് വേണ്ടതെന്ന് യു.ഡി.എഫിനു വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ അഭിഷേക് സിംഗ്‌വി വാദിച്ചു. സ്റ്റേ അനുവദിക്കുന്നതിനെ സിംഗ്‌വി എതിർത്തെങ്കിലും ബെഞ്ച് അംഗീകരിച്ചില്ല. കേസ് രണ്ടാഴ്ചക്കു ശേഷം വീണ്ടും പരിഗണിക്കും.
2019 ലെ വോട്ടർ പട്ടികയെ അടിസ്ഥാനമാക്കി തെരഞ്ഞെടുപ്പു നടത്താൻ പ്രായോഗിക പ്രശ്നങ്ങളുണ്ടെന്നാണ് കമ്മീഷൻ ഹരജിയിൽ ചൂണ്ടിക്കാട്ടിയത്. ബൂത്ത് അടിസ്ഥാനത്തിലുള്ള പട്ടിക വാർഡ് അടിസ്ഥാനത്തിലേക്കു പുനഃസംവിധാനം ചെയ്യണം. അതിനു പത്തു കോടി രൂപയെങ്കിലും ചെലവു വരുമെന്നാണ് കണക്കാക്കുന്നത്. ഹൈക്കോടതി വിധി വന്ന പശ്ചാത്തലത്തിൽ നിലവിൽ പട്ടിക പുതുക്കൽ നിർത്തിവെച്ചിരിക്കുകയാണ്. ഇതെല്ലാം ആദ്യം മുതൽ ചെയ്യേണ്ടിവരുമെന്നും കമ്മീഷൻ പറയുന്നു.
2015 ലെ വോട്ടർ പട്ടികയെ അടിസ്ഥാനമാക്കിയാണ് തദ്ദേശ തെരഞ്ഞെടുപ്പിന് കരടു വോട്ടർ പട്ടിക തയാറാക്കിയത്. ഇതിനെതിരെ കോൺഗ്രസ് ഉൾപ്പെടെയുള്ള രാഷ്ട്രീയ കക്ഷികൾ രംഗത്തു വന്നിരുന്നു. 2019 ലെ വോട്ടർ പട്ടിക നിലനിൽക്കേ 2015 ലെ വോട്ടർ പട്ടിക ഉപയോഗിക്കുന്നതിനെയാണ് പാർട്ടികൾ ചോദ്യം ചെയ്തത്.
2015 ലെ തെരഞ്ഞെടുപ്പിനു ശേഷം സംസ്ഥാനത്ത് രണ്ടു തെരഞ്ഞെടുപ്പുകൾ നടന്നു. ആ വോട്ടർ പട്ടിക അടിസ്ഥാനമാക്കി കരടു വോട്ടർ പട്ടിക തയാറാക്കണമെന്നാണ് പാർട്ടികൾ ആവശ്യപ്പെട്ടത്. എന്നാൽ നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകളുടെ വോട്ടർ പട്ടിക വാർഡ് അടിസ്ഥാനത്തിൽ അല്ലാത്തതിനാൽ അത് അടിസ്ഥാനമാക്കി പട്ടിക പുതുക്കുന്നത് പ്രായോഗികമല്ലെന്നാണ് കമ്മീഷൻ വാദം. കമ്മീഷൻ തീരുമാനത്തിനെതിരെ യു.ഡി.എഫ് നേതാക്കൾ ഹൈക്കോടതിയെ സമീപിച്ചെങ്കിലും സിംഗിൾ ബെഞ്ച് ഹരജി തള്ളുകയായിരുന്നു. വോട്ടർ പട്ടിക തെരഞ്ഞെടുപ്പു കമ്മീഷന്റെ വിവേചന അധികാരത്തിൽ പെട്ട കാര്യമാണെന്നായിരുന്നു സിംഗിൾ ബെഞ്ച് വിധിച്ചത്. ഇതിനെതിരെ മുസ്‌ലിം ലീഗ് നേതാവ് സൂപ്പി നരിക്കാട്ടീരി നൽകിയ അപ്പീൽ പരിഗണിച്ചാണ് 2015 ലെ പട്ടിക ഉപയോഗിക്കരുതെന്ന് ഡിവിഷൻ ബെഞ്ച് വിധിച്ചത്.