ന്യൂദല്‍ഹി- രുക്‌സറിന്റെ ജീവിതത്തിന് ട്വിസ്റ്റ് നല്‍കിയത് ദല്‍ഹി നോര്‍ത്ത് ഈസ്റ്റില്‍ പൊട്ടിപ്പുറപ്പെട്ട കലാപങ്ങളാണ്. ഒരാഴ്ച മുന്‍പ് നടന്ന കലാപങ്ങളില്‍ ഇവരുടെ വീടും കൊള്ളയടിക്കപ്പെട്ടു. വിവാഹത്തിനായി ഒരുക്കിവെച്ച വസ്ത്രങ്ങളും, ആഭരണങ്ങള്‍ക്കും ഉള്‍പ്പെടെയുള്ളവ നഷ്ടപ്പെട്ടു. ഇതോടെ വിവാഹവുമായി മുന്നോട്ട് പോകാന്‍ വരന്റെ വീട്ടുകാരും തയ്യാറായില്ല.ഇതോടെ മറ്റൊരു വരനെ തേടിയ 19കാരിയുടെ കുടുംബത്തിന് ആശ്വാസം സമ്മാനിച്ച് അങ്ങിനെ ഒരാളെ ലഭിച്ചു. എന്നാല്‍ വിവാഹത്തിന് വേദിയായത് മുസ്തഫാബാദിലെ അല്‍ ഹിന്ദ് ആശുപത്രിയാണ്. അത്രയൊന്നും സന്തോഷത്തോടെ ആയിരുന്നില്ല ആ വിവാഹ ചടങ്ങുകള്‍. 'ഫെബ്രുവരി 24നാണ് ജനക്കൂട്ടം ഞങ്ങളുടെ തെരുവിലെത്തി അക്രമം അഴിച്ചുവിട്ടത്. ജീവന്‍ രക്ഷിക്കാന്‍ ഓടിരക്ഷപ്പെടാന്‍ മാത്രമേ സാധിച്ചുള്ളൂ', രുക്‌സറിന്റെ അമ്മ പര്‍വീണ്‍ പറഞ്ഞു.
പോലീസിനെ സഹായത്തിനായി വിളിച്ചെങ്കിലും അവര്‍ക്കും എത്തിച്ചേരാന്‍ സാധിച്ചില്ല. അയല്‍വക്കത്തെ വീട്ടിലാണ് ഇവര്‍ അഭയം തേടിയത്. രണ്ട് ദിവസത്തോളം ഇവിടെ തങ്ങിയപ്പോഴാണ് പോലീസ് സ്ഥലത്തെത്തി ഇവരെ രക്ഷപ്പെടുത്തിയത്. ഇതിന് ശേഷം അല്‍ ഹിന്ദ് ആശുപത്രിയിലാണ് ഈ കുടുംബം കഴിഞ്ഞ് വരുന്നത്.ഇതിനിടെയാണ് രുക്‌സറിന്റെ വിവാഹ ആലോചന മുന്നോട്ട് വന്നത്. 'വിവാഹത്തില്‍ അല്‍പ്പം ആശങ്ക ഉണ്ടായിരുന്നെങ്കിലും സംഭവിക്കുന്നത് എല്ലാം നല്ലതിന് എന്ന് ചിന്തിച്ച് സമ്മതം അറിയിക്കുകയായിരുന്നു', നവവരനായ ഫിറോസ് പറയുന്നു. ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ഫിറോസിന്റെ കുടുംബം ഫര്‍ണീച്ചര്‍ ബിസിനസ്സും ചെയ്യുന്നുണ്ട്. കലാപങ്ങള്‍ ശോഭ കെടുത്തിയെങ്കിലും വിവാഹം തടസ്സമില്ലാതെ നടന്നതിന്റെ ആശ്വാസത്തിലാണ് കുടുംബം.