Sorry, you need to enable JavaScript to visit this website.

പ്രൊഫ.അരുണന്റെ ഭാഷാ ക്ലാസും നിയമസഭക്ക് നല്ല സൗണ്ട് സിസ്റ്റം കിട്ടിയ കഥയും

തിരുവനന്തപുരം- നിയമസഭയിൽ അംഗങ്ങൾ നില വിട്ട് പെരുമാറിയപ്പോൾ സഭാ ക്ലിനിക്കിൽ ഡോക്ടറുണ്ട് എന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ഓർമിപ്പിച്ചത് കഴിഞ്ഞ ദിവസമാണ്. തെറി വാക്കുകൾ അനർഗളം നിർഗളിച്ചപ്പോഴായിരുന്നു സ്പീക്കറുടെ ഈ നിസ്സഹായത. 
ഇന്നലെ പി.സി.ജോർജിൽ നിന്ന് ഇതുപോലൊരു പെരുമാറ്റമുണ്ടായപ്പോഴും എല്ലാവരുടെയും ഓർമമ്മയിലെത്തിയത് സ്പീക്കർ പറഞ്ഞ ക്ലിനിക്കിന്റെ കാര്യം തന്നെ. നിയമസഭയെ തെറി വാക്കുകൾ കൊണ്ട് മലിനമാക്കുന്നവർ രക്തസമ്മർദം വർധിക്കുമ്പോൾ ആവശ്യമായ മരുന്ന് കഴിച്ചാൽ എത്ര നന്നായിരുന്നു എന്നാണ് സ്പീക്കർക്കൊപ്പം എല്ലാവരും ആഗ്രഹിക്കുന്നത്. 


നിയമസഭാ സ്റ്റാഫിനെ പി.സി.ജോർജ് എടാ, പോടാ വിളിച്ചപ്പോൾ സ്പീക്കർ അംഗത്തെ ഇന്നലെ ശാസിക്കുകയുണ്ടായി. സംഭവം ഇങ്ങനെ: നിയമസഭയിൽ സ്പീക്കർക്ക് നൽകാനായി  ജീവനക്കാരനെ പി.സി ജോർജ് ഒരു കുറിപ്പ് ഏൽപ്പിക്കുന്നു. ഇത് കൈമാറാൻ വൈകിയതാണ് ജോർജിനെ ചൊടിപ്പിച്ചത്. സ്പീക്കറെ കത്ത് വേഗത്തിൽ ഏൽപ്പിക്കാൻ ജീവനക്കാരനോട് ആവശ്യപ്പെട്ട പി. സി ജോർജ് നിയമസഭാ ജീവനക്കാരന് നേരെ തിരിയുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ്  സ്പീക്കർ പ്രശ്നത്തിൽ ഇടപെട്ട്  പരാമർശം വിലക്കിയത്. ജീവനക്കാരനെ 'എടാ പോടാ' എന്ന് വിളിക്കരുതെന്നും നിയമസഭയിൽ ഇത്തരം പരാമർശം പാടില്ലെന്നും സ്പീക്കർ  ജോർജിനെ ഉപദേശിച്ചു. 


സ്പീക്കർക്കുള്ള സന്ദേശങ്ങൾ എം.എൽ.എ മാരുടെ മുന്നിലിരിക്കുന്ന കംപ്യൂട്ടറിൽ എഴുതി  നൽകാമെന്നിരിക്കെ  ജീവനക്കാരെ വിളിച്ച് കത്ത് കൊടുത്തയക്കുന്നതെന്തിന് എന്ന സംശയവും ജോർജ് സംഭവം ഉയർത്തുന്നുണ്ട്.  നിയമസഭയിലെ കാര്യങ്ങൾ പുർണമായി കംപ്യൂട്ടർ വഴിയാകാൻ ഇനിയും കാത്തിരിക്കേണ്ടി വരുമോ? 
 നായനാർ മന്ത്രിസഭയുടെ കാലത്താണ് നിയമസഭയുടെ പുതിയ കെട്ടിടം പ്രവർത്തിച്ചു തുടങ്ങിയത്. അന്ന് മന്ത്രിയായിരുന്ന പി.ജെ.ജോസഫ് വെളിപ്പെടുത്തിയ കാര്യം പുതിയ അവസ്ഥയിൽ ശ്രദ്ധേയമായി. അന്ന് നിയമസഭക്കായി കുറ്റമറ്റ സൗണ്ട് സിസ്റ്റം വേണ്ടി വന്നപ്പോൾ, കെൽട്രോണിനെ ഉത്തരവാദിത്തം ഏൽപ്പിക്കാം എന്ന നിർദ്ദേശം അന്തരീക്ഷത്തിൽ പാറി നടന്നു. പരിശോധനയിൽ അവർക്കതിന് കഴിയില്ലെന്ന് മനസിലായപ്പോൾ  നായനാറിൽ നിന്ന് സമ്മതം വാങ്ങി  ആഗോള ടെണ്ടർ വിളിക്കുകയായിരുന്നുവെന്ന് അന്ന് വിഷയം കൈകാര്യം ചെയ്ത മന്ത്രിയായിരുന്ന ജോസഫിന്റെ വെളിപ്പെടുത്തൽ. 


അതു കാരണം നിയമസഭക്ക് വർഷങ്ങൾ കഴിഞ്ഞാലും നല്ല നിലയിൽ പ്രവർത്തിക്കുമെന്നു റപ്പുള്ള സൗണ്ട് സിസ്റ്റം ലഭ്യമായി. അതേ സമയം കെൽട്രോണിനെ വെച്ച് ഇന്ന് സർക്കാർ ചെയ്യുന്ന കാര്യങ്ങളോ? ജോസഫ് ചോദിച്ചു.  വ്യവസായം, വൈദ്യുതി വകുപ്പുകളിന്മേലുള്ള ധനാഭ്യർഥന ചർച്ചയും, ധന വിനിയോഗ ബിൽ ചർച്ചയുമാണ് ഇന്നലെ നടന്നത്.   മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിയമസഭയിൽ പ്രസംഗിക്കാത്തതിന്കാരണം രമേശ്  ചെന്നിത്തലയുമായുള്ള പോരാണെന്നാണ്  ധനവിനിയോഗ ബിൽ ചർച്ച തുടങ്ങി വെച്ച  സി.പി.എമ്മിലെ ജെയിംസ് മാത്യു കണ്ടെത്തിയത്. നികുതി സംബന്ധമായും മറ്റും മഞ്ഞളാംകുഴി അലി മുന്നോട്ട് വെക്കുന്ന നിർദ്ദേശങ്ങളെല്ലാം ധനമന്ത്രി ഡോ.തോമസ് ഐസക് അംഗീകരിക്കുകയാണ് പതിവ്. ഇന്നലെയും അതു തന്നെ സംഭവിച്ചു.  ആർ. രാമചന്ദ്രൻ,കോവൂർ കുഞ്ഞുമോൻ, മോൻസ് ജോസഫ്, മുരളി പെരുനെല്ലി, എ.പി.അനിൽ കുമാർ എന്നിവരും  ധന വിനിയോഗ ബിൽ ചർച്ചയിൽ പങ്കെടുത്തു. 


 തന്റെ എഴുത്തുകൾ വഴി മലയാളികളെ  നല്ല മലയാളം  പഠിപ്പിച്ച പ്രൊഫ. എം.കൃഷ്ണൻ നായർ ഇന്നില്ല.  സി.പി.എമ്മിലെ പ്രൊഫ.കെ.യു അരുണന്റെ പ്രസംഗം  അദ്ദേഹത്തെക്കുറിച്ചുള്ള ഓർമയിലേക്ക് അൽപ്പനേരം സഭയെ എത്തിച്ചു. വ്യവസായത്തെ സംബന്ധിക്കുന്ന കാര്യങ്ങൾ പറയുമ്പോൾ  'വൈയവസായികം' എന്ന്  പ്രയോഗിക്കണമെന്ന് കൃഷ്ണൻ നായർ തന്നെ തിരുത്തിയിട്ടുണ്ടെന്ന് അരുണന്റെ ഭാഷാ ക്ലാസ്. വൈദ്യുതി മന്ത്രി എം.എം മണിയെ പ്രശംസിക്കാൻ അരുണൻ കാണിച്ച ആവേശം ഭരണ ബഞ്ചിൽ ആഹ്ലാദം പരത്തി. വൈദ്യുതി വകുപ്പിനെ അടിമുടിമാറ്റിയെടുത്ത മന്ത്രി എന്നാണ് സി.പി.എമ്മിലെ പുരുഷൻ കടലുണ്ടി എം.എം മണിയെ വിശേഷിപ്പിച്ചത്. ആ കറുത്ത മനുഷ്യൻ കേരളമാകെ പ്രകാശം പരത്തുകയാണ്. മുസ്‌ലിം ലീഗിലെ ടി.വി.ഇബ്രാഹിമിന് പക്ഷെ അതിനോടൊന്നും യോജിപ്പില്ല. കേരളത്തിൽ നടക്കുന്നത് അഴിമതിയും സ്വജനപക്ഷപാതവും മാത്രമാണെന്ന ഇബ്രാഹിമിന്റെ പരാമർശം ഭരണ ബഞ്ചിൽ പ്രതികരണമുണ്ടാക്കി.  പോളണ്ടിനെപ്പറ്റി ഒരക്ഷരം മിണ്ടരുത് എന്ന് പറഞ്ഞതുപോലെ ബെഹ്‌റയെപ്പറ്റി ഒരക്ഷരം പറയരുതെന്നാണ് സർക്കാരിന്റെ സമീപനമെന്ന് ലീഗിലെ കെ.എൻ.എ ഖാദറിന്റെ പരിഹാസം. 
വി.കെ.സി മമ്മദ് കോയ, എൽദോ അബ്രഹാം,സി.കെ.നാണു, അനൂപ് ജേക്കബ്, ഐ.ബി.സതീഷ് , ,വി.കെ.പ്രശാന്ത്, ഇ.എസ്.ബിജി മോൾ,പി.കെ.ശശി ,തിരുവഞ്ചുർ രാധാകൃഷ്ണൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.


തിരുവനന്തപുരത്ത് കെ.എസ്.ആർ.ടി.സി ജീവനക്കാർ നടത്തിയ മിന്നൽ സമരത്തെ  സർക്കാർ തള്ളിപറഞ്ഞു. കെ.എസ്.ആർ.ടി.സി ജീവനക്കാർക്കെതിരെ എസ്മ ചുമത്തി കേസെടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രിക്ക് വേണ്ടി  മന്ത്രി കടകംപള്ളി സുരേന്ദ്രൻ സമരക്കാർക്കെതിരെ രോഷാകുലനായി. ഇപ്പോൾ ഇങ്ങിനെ പറഞ്ഞതു കൊണ്ട് കാര്യമില്ലെന്നും ,സർക്കാരിന്റെ  അലംഭാവമാണ് സമരത്തിന് കാരണമെന്നും യാത്രക്കാരന്റെ  മരണത്തിനുത്തരവാദി മുഖ്യമന്ത്രിയാണെന്നും പ്രതിപക്ഷം ഭരണ നിരക്ക് നേരെ വിരൽ ചൂണ്ടി. 
കലക്ടറുടെ അന്തിമ റിപ്പോർട്ട് വന്നാൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന്  മന്ത്രി വ്യക്തമാക്കിയപ്പോൾ  തലസ്ഥാന നഗരം ആറുമണിക്കൂർ സ്തംഭനാസ്ഥയിലായപ്പോൾ   ഇടപെടാൻ കഴിയാതിരുന്ന ജില്ലാ കലക്ടറെയാണോ   അന്വേഷണം ഏൽപ്പിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷം സർക്കാർ നിലപാടിനെ പരിഹസിച്ചു


മന്ത്രി ഇ.പി ജയരാജനെതിരെ വി.ടി ബൽറാം തെളിവുകൾ സഹിതം  അഴിമതി ആരോപണം ഉന്നയിച്ചു. ലാപ്‌ടോപ് നിർമാണത്തിന്റെ  മറവിൽ കെൽട്രോണിൽ വൻ അഴിമതി നടക്കുന്നുവെന്നായിരുന്നു ആരോപണം. സിംസ് പദ്ധതിയിൽ ഉപകരാർ നൽകിയ ഗാലക്‌സോൺ കമ്പനി ചുമതലക്കാരൻ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്രകളിലെ സ്ഥിരം സാന്നിധ്യമാണെന്ന വി.ടിബൽറാമിന്റെ ആരോപണം വരും ദിവസങ്ങളിലും സർക്കാരിന് തലവേദനയാകും.
സി.എ.ജി റിപ്പോർട്ടിൽ പോലീസിനെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളിൽ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പ്രതിസ്ഥാനത്തു നിർത്തിയ പ്രതിപക്ഷം പിന്നോട്ടില്ലെന്ന് കാണിക്കുന്നതായി കോൺഗ്രസിലെ യുവ അംഗത്തിന്റെ പുതിയ ആരോപണം.


 

Latest News