Sorry, you need to enable JavaScript to visit this website.

ഗുജറാത്തില്‍ 15,031 നവജാതശിശുക്കള്‍ മരിച്ചു 

ഗാന്ധിനഗര്‍- ഗുജറാത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 15,031 നവജാതശിശുക്കള്‍ മരിച്ചെന്ന് ആരോഗ്യമന്ത്രി നിതിന്‍ പട്ടേല്‍. നിയമസഭയിലാണ് ആരോഗ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. കോണ്‍ഗ്രസ് എംഎല്‍എയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. 10,6000 കുട്ടികളെയാണ് 2018ലും 2019 ലുമായി നവജാത ശിശുക്കളുടെ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്നത്. ഇതില്‍ 15,031 കുട്ടികള്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
ഇതിന് പിന്നാലെ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. സംസ്ഥാനത്ത് ദിവസവും 20 കുട്ടികള്‍ മരിക്കുന്നുവെന്നാണ് മന്ത്രിയുടെ മറുപടിയില്‍ നിന്ന് വ്യക്തമാകുന്നതെന്നായിരുന്നു കോണ്‍ഗ്രസ് വക്താവ് മനിഷ് ദോഷിയുടെ പ്രതികരണം. ആശുപത്രികളില്‍ ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഇല്ലാത്തതാണ് കുട്ടികളുടെ മരണത്തിന് കാരണമെന്നും മനിഷ് ദോഷി കുറ്റപ്പെടുത്തി. 2228 ഡോക്ടര്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ഉണ്ടെന്നും എന്നാല്‍ ജോലിക്ക് വരുന്നത് 321 പേര്‍ മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു.

Latest News