Sorry, you need to enable JavaScript to visit this website.

മുഖം തൊടാത്ത ഡോലാനും നമസ്‌തേ പറയുന്ന ന്യാഹുവും

ആഴ്ചകളായി മുഖം തൊട്ടിട്ടില്ലെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വര്‍ത്താനം കേട്ടപ്പോള്‍ ഉറ്റചങ്ങാതിയും ഇസ്രായില്‍ പ്രധാനമന്ത്രിയുമായ ബെന്യാമിന്‍ നെതന്യാഹു ശരിക്കും ഞെട്ടിപ്പോയി.

മെലാനിയയുടെ മുഖം സ്പര്‍ശിക്കാത്ത കാര്യമാകുമെന്നാണ് ആദ്യം കരുതിയത്. അതു പതിവുള്ളതാണ്. ട്രംപ് മെലാനിയയുടെ കരം പിടിച്ചില്ല, ഉരുമ്മി നിന്നില്ല, നല്ല ഡ്രസ്സ് വാങ്ങിക്കൊടുത്തില്ല എന്നൊക്കെ സി.എന്‍.എന്നുകാര്‍ ഇടയ്ക്ക് വിഷയമാക്കാറുണ്ട്. ചിലയ്ക്കുന്ന അവരോടുള്ള കലിപ്പ് ട്രംപിനു തീരാറുമില്ല.

നെതന്യാഹു വീണ്ടും ട്രംപിന്റെ വീഡിയോ കണ്ടുനോക്കി.
സമാധാനമായി. മിസിസിന്റെ മുഖം മിസ്സായെന്നല്ല. ട്രംപ് സ്വന്തം മുഖം മിസ്സായി എന്നാണ് പറയുന്നത്.
മുഖം തൊട്ടില്ല എന്നുതന്നെയാണ് പറയുന്നത്. അതും ആഴ്ചകളായി.

ചങ്ങാതിയുടെ വിഷമം അറിയാന്‍ ന്യാഹു ഉടന്‍തന്നെ ഫോണെടുത്തു.
ശരിയാണോ കേട്ടത്. മുഖം തൊടാറില്ലേ..
എങ്ങനെ അറിഞ്ഞു?

ഡോലാന്‍ ഫെയ്‌സ് തൊടാറില്ലെന്ന് ഇപ്പോ നിങ്ങടെ ചങ്ങാതി മോഡി വിളിച്ചു പറഞ്ഞതേയുള്ളൂ.
മോഡിയോ.. അയാള്‍ക്ക് എന്റെ പേര് പോലും ശരിക്കറിയില്ല. ഡോലാനെന്നാ വിളിക്കാ.
അതു നിങ്ങള്‍ അവരുടെ സച്ചിനെ സുച്ചിനെന്നും സ്വാമിയെ മണ്ടനെന്നും വിളിച്ചതോണ്ടല്ലേ..ന്യാഹു പറഞ്ഞു.
ഏതു സ്വാമി?
സ്വാമി വിവേകാനന്ദനെ നിങ്ങള്‍ എന്താ പറഞ്ഞത്. സ്വാമി വിവേക് ആനമണ്ടനെന്ന്.
ഇന്ത്യയില്‍നിന്ന് നിങ്ങള്‍ സുരക്ഷിതമായി മടങ്ങിയെത്തിയത് അമേരിക്കക്കാരുടെ ഭാഗ്യം. സാധാരണ ഇങ്ങനെയുള്ളവരെ അവര്‍ വെറുതെ വിടാറില്ല. ഇതിപ്പോ വീണ്ടും ജയിപ്പിക്കാനുള്ള അമേരിക്കക്കാരുടേയും എന്റെ നാട്ടുകാരുടേയും പ്രാര്‍ഥന. അത്ര വിചാരിച്ചാല്‍ മതി.

ഉം.. ട്രംപ് ഗൗരവം വിടാതെ അമര്‍ത്തി മൂളി.

അതിരിക്കട്ടെ, ഇന്ത്യയില്‍ പോയി വന്ന ശേഷമാണോ നിങ്ങള്‍ മുഖം തൊടാതായത്: ന്യാഹു ചോദിച്ചു.

എടോ ന്യാഹൂ നീയത് കാര്യായി എടുത്തിരിക്കാണോ. മുഖം ആര്‍ക്കേലും തൊടാതിരിക്കാന്‍ പറ്റ്വോ? കൂള്‍..

ഞാനതൊരു കൊറോണ തമാശ പറഞ്ഞതല്ലേ..

ഇത് തമാശയല്ല. നിങ്ങള്‍ ഇന്ത്യയില്‍ പോയി എന്തിനാ അദ്ദേഹത്തിന്റെ കൈ കുലുക്കുകയും കെട്ടിപ്പിടിക്കകുയും ചെയ്തത്. അതും ഈ കെട്ട കാലത്ത്. വലിയ മണ്ടത്തരമായിപ്പോയി അത്.

അതേയ്, ഞാന്‍ അവരുടെ നാട്ടില്‍ ചെയ്യാറുള്ളത് പോലെ തൊഴാന്‍ വേണ്ടി കൈ ഉയര്‍ത്തിയതാ. മോഡിജി വിട്ടില്ല. കെട്ടിപ്പിടിച്ചു കളഞ്ഞു. മെലാനിയ പോലും അങ്ങനെ കെട്ടിപ്പിടിക്കാറില്ല. പിന്നെ അധികനേരം ഞാന്‍ കൈ കുലുക്കാന്‍ വിട്ടില്ല. അദ്ദേഹം വിടാതെ കൈ കലുക്കുന്നത് ഞാന്‍ വീഡിയോകളില്‍ കണ്ടിട്ടുണ്ട്.

പിന്നേയ്, ന്യാഹു പറയുന്നതു ഞാന്‍ രാവിലെ കേട്ടു. കൊറോണ പടരാതിരിക്കാന്‍ എല്ലാവരും കൈ കുലുക്കുന്നത് നിര്‍ത്തി നമസ്‌തേ പറയണമെന്നല്ലേ നിങ്ങള്‍ നാട്ടുകാരെ ഉപദേശിച്ചത്. ഭാരതീയ രീതിയല്ലേ അത്. അവരുടെ നാട്ടില്‍ തന്നെ അവരത് ചെയ്യുന്നില്ല. മോഡിയും അമിത് ഷായും കോവിന്ദുമൊന്നും ചെയ്യാറില്ല. അവിടത്തെ പെണ്ണുങ്ങള്‍ ചെയ്യും. മോഡിക്കാണേല്‍ പെണ്ണുമില്ല.

അതു പിന്നെ നിങ്ങളെ പോലെ തന്നെയാ അവരും. പറയുന്നത് ചെയ്യില്ല: ന്യാഹു പറഞ്ഞു.

അതെന്താ ന്യാഹു അങ്ങനെ പറയാന്‍. അപവാദമല്ലേ അത്.
ന്യാഹു വിട്ടുകൊടുത്തില്ല.

ശരിയല്ലേ ഞാന്‍ പറഞ്ഞത്.  നിങ്ങളും അവരും വലിയ ജനാധിപത്യത്തെ കുറിച്ച് പറയുന്നു. പ്രവര്‍ത്തിക്കുന്നതോ?

നീ എന്റെ കൈയീന്ന് മേടിക്കുംട്ടോ.. നമ്മള്‍ പ്രവര്‍ത്തിക്കുന്നത് പറയാന്‍ പാടില്ല.  പറയുന്നതല്ല പ്രവര്‍ത്തിക്കേണ്ടത്.

ശരി..  ഡോലാന്‍, നമസ്‌തേ.. ആര്‍ക്കോ വേണ്ടി നമ്മള്‍ തെറ്റണ്ട..

 

 

Latest News