ന്യൂദല്‍ഹി- പൗരത്വ ഭേദഗതി നിയമം (സി.എ.എ) ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജികളില്‍ വാദം കേള്‍ക്കുന്നത് സുപ്രീം കോടതി നീട്ടിവെച്ചു. ശബരിമല സ്ത്രീപ്രവേശന കേസില്‍ വാദം പൂര്‍ത്തിയായതിനുശേഷം സി.എ.എ ഹരജികളില്‍ വാദം കേള്‍ക്കുമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നത്.
മുസ്്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് എന്നിവരടക്കം സമര്‍പ്പിച്ച 140 ഹരജികളാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ, ജസ്റ്റിസ് എസ്. അബ്ദുല്‍നസീര്‍, ജസ്റ്റിസ് സഞ്ജീവ് ഖന്ന എന്നിവരുള്‍പ്പെട്ട ബെഞ്ച് മുമ്പാകെയുള്ളത്.
നിയമത്തിന്റെ ഭരണഘടനാ സാധുത സംബന്ധിച്ച ഹരജികളില്‍ ഉടന്‍ വാദം കേള്‍ക്കണമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ആവശ്യപ്പെട്ടപ്പോള്‍ ഹോളി അവധിക്കുശേഷം വീണ്ടും ഉണര്‍ത്താനാണ് ചീഫ് ജസ്റ്റിസ് പറഞ്ഞത്. ഹരജികളില്‍ കേന്ദ്ര സര്‍ക്കാരിന്റെ മറപടി രണ്ടു ദിവസത്തിനികം സമര്‍പ്പിക്കുമെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ കോടതിയെ അറിയിച്ചു.