ചാണ്ഡിഗ്ഢ്- ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാറിന്റെയും മന്ത്രിമാരുടേയും ഗവര്‍ണറുടേയും പൗരത്വം തെളിയിക്കുന്ന രേഖകള്‍ തങ്ങളുടെ പക്കല്‍ ഇല്ലെന്ന് മുഖ്യമന്ത്രിയുടെ സെക്രട്ടറിയേറ്റ് അറിയിച്ചു.
മുഖ്യമന്ത്രിയുടേയും ഗവര്‍ണര്‍ സത്യദേവ് നാരായണ്‍ ആര്യയുടേയും മന്ത്രിമാരുടേയും പൗരത്വ രേഖകള്‍ ചോദിച്ച് പാനിപ്പത്ത് സ്വദേശി നല്‍കിയ വിവരാവകാശ ചോദ്യത്തിനുള്ള മറുപടിയിലാണ് സെക്രട്ടറിയേറ്റ് ഇക്കാര്യം അറിയിച്ചത്. പൗരത്വ സര്‍ട്ടിഫിക്കറ്റുകളോ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളോ ലഭ്യമാക്കണമന്നായിരുന്നു ആവശ്യം. ഈ രേഖകള്‍ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ഉണ്ടായിരിക്കാന്‍ സാധ്യതയുണ്ടെന്നും സെക്രട്ടറിയേറ്റ് നല്‍കിയ മറുപടിയില്‍ പറയുന്നു.
പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ പീഡനം അനുഭവിച്ചതിനെ തുടര്‍ന്ന് ഇന്ത്യയില്‍ തിരിച്ചെത്തിയവരുടെ 1500 പൗരത്വ അപേക്ഷകള്‍ ലഭിച്ചതായി ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ ഈയിടെ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു. ഇവര്‍ക്ക് പൗരത്വ ഭേദഗതി നിയമം അനുസരിച്ച് പൗരത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.