ന്യൂദല്‍ഹി- ഉന്നാവ് ബലാത്സംഗക്കേസിലെ പെണ്‍കുട്ടിയുടെ അച്ഛന്‍ കൊല്ലപ്പെട്ട കേസില്‍ ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സെന്‍ഗര്‍ കുറ്റക്കാരനെന്ന് ഡല്‍ഹി കോടതി.ഡല്‍ഹി തീസ്ഹസാരി കോടതിയാണ് സെന്‍ഗര്‍ കുറ്റക്കാരനാണെന്ന് പ്രഖ്യാപിച്ചത്. കേസില്‍ ഉള്‍പ്പെട്ട മറ്റ് ആറു പേരും കുറ്റക്കാരാണെന്നും കോടതി കണ്ടെത്തി.പെണ്‍കുട്ടിയുടെ അച്ഛനെ ഉപദ്രവിച്ചതിനും ആയുധനിയമപ്രകാരം കേസില്‍ കുടുക്കിയതിനുമാണ് സെന്‍ഗര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ കുറ്റം ചുമത്തിയിരുന്നത്.
ഉന്നാവ് സംഭവവുമായി ബന്ധപ്പെട്ട കേസുകളെല്ലാം സുപ്രീംകോടതിയാണ് ഡല്‍ഹിയിലേക്കു മാറ്റിയത്. പെണ്‍കുട്ടിയെയും കുടുംബത്തെയും വാഹനാപകടത്തില്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസൊഴികെ ബാക്കിയെല്ലാം ഡല്‍ഹിയിലാണ് വിചാരണ നടത്തുന്നത്. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ സെന്‍ഗര്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ പോക്‌സോ നിയമത്തിലെ വകുപ്പുകള്‍കൂടി ഉള്‍പ്പെടുത്തി കുറ്റം ചുമത്തിയിരുന്നു.
കഴിഞ്ഞ വര്‍ഷം ജൂണില്‍ താന്‍ ബലാത്സംഗത്തിനിരയായെന്ന് ചൂണ്ടിക്കാട്ടി ഉന്നാവ് സ്വദേശിയായ 16കാരിയാണ് പരാതി നല്‍കിയത്. ഒമ്പത് മാസത്തോളമായി തനിക്ക് എവിടെനിന്നും നീതി ലഭിച്ചില്ലെന്നും പെണ്‍കുട്ടി പറയുന്നു. നീതി കിട്ടിയില്ലെന്നാരോപിച്ച് പെണ്‍കുട്ടിയും പിതാവും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിയിലെത്തി ആത്മഹത്യാ ശ്രമം നടത്തിയതോടെയാണ് സംഭവം വാര്‍ത്തയാകുന്നത്. ഇതിനിടെ പെണ്‍കുട്ടിയുടെ പിതാവ് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെടുകയായിരുന്നു.