ജിദ്ദ - കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ റെഡ് സീ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ അനിശ്ചിത കാലത്തേക്ക് സംഘാടകര്‍ നീട്ടിവെച്ചു. സൗദി അറേബ്യയുടെ ചരിത്രത്തില്‍ ആദ്യമായി സംഘടിപ്പിക്കുന്ന പൂര്‍ണാര്‍ഥത്തിലുള്ള ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലായിരുന്നു ഇത്. മാര്‍ച്ച് 12 മുതല്‍ 21 വരെയുള്ള ദിവസങ്ങളില്‍ ജിദ്ദയില്‍ ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കാനാണ് തീരുമാനിച്ചിരുന്നത്.
കൊറോണ വ്യാപനം തടയുന്നതിന് സൗദി അറേബ്യ സ്വീകരിക്കുന്ന മുന്‍കരുതല്‍ നടപടികളുടെ ഭാഗമായും അതിഥികളുടെയും പൊതുജനങ്ങളുടെയും സംഘാടകരുടെയും ആരോഗ്യ സുരക്ഷ കാത്തുസൂക്ഷിക്കുന്നതിനുമാണ് ഫിലിം ഫെസ്റ്റിവല്‍ നീട്ടിവെക്കുന്നതെന്ന് സംഘാടകര്‍ പ്രസ്താവനയില്‍ അറിയിച്ചു.
ഈ മാസം ആറിന് റിയാദില്‍ നടക്കേണ്ടിയിരുന്ന തന്റെ സംഗീത പരിപാടി റദ്ദാക്കിയതായി പ്രശസ്ത യു.എ.ഇ ഗായിക അഹ്‌ലാം അറിയിച്ചു. കുവൈത്തി ഗായകന്‍ അബ്ദുല്ല അല്‍റുവൈശിദും മുസാഅദ് അല്‍ബല്ലൂശിയും അഹ്‌ലാമും പങ്കെടുക്കുന്ന സംഗീത പരിപാടി അല്‍ഥുമാമ ഗാനസദസ്സിന്റെ ഭാഗമായാണ് ആസൂത്രണം ചെയ്തിരുന്നത്.