തിരുവനന്തപുരം - ബജറ്റ് ധനാഭ്യർഥന ചർച്ചയിൽ ലീഗിലെ ടി.എ അഹമദ് കബീറിന്റെ പ്രസംഗം കഴിഞ്ഞയുടൻ സംസാരിച്ച സി.പി.എം അംഗം പി. ആയിഷാ പോറ്റി കബീറിന്റെ പ്രസംഗത്തെപ്പറ്റി പറഞ്ഞ പ്രശംസാവാക്ക് നീതി പുലർത്തുന്നതായി- ടച്ചിംഗ്, ഹൃദയസ്പർശി. ഇന്ത്യയെ ഇന്നത്തെ അവസ്ഥയിലെത്തിച്ചതിന്റെ ഉത്തരവാദികളെ തിരഞ്ഞാൽ നാൾവഴിയിൽ മുഖ്യ അരങ്ങത്ത് സി.പി.എമ്മിനെ കാണാമെന്ന് കബീർ ചരിത്രം എടുത്തുദ്ധരിച്ചു. 1967ൽ കോൺഗ്രസ് മുക്തഭാരതം എന്ന നയം അംഗീകരിച്ച പാർട്ടിയാണ് തന്റേതുമെന്ന് ലീഗ് അംഗം. കാലത്തിന്റെ ചുവരെഴുത്ത് വായിച്ച് അത് തിരുത്തി. സി.പി. എമ്മാകട്ടെ തന്ത്രങ്ങൾ വഴി കാലാകാലങ്ങളിൽ മത ന്യൂനപക്ഷത്തെ ഉപയോഗപ്പെടുത്തി. ഒരു കാലത്ത് സദ്ദാം ഹുസൈൻ... എന്നും ഇതുപോലെ പലതും അവർക്ക് കിട്ടി. ഇപ്പോഴും സമാന രാഷ്ട്രീയക്കളി തന്നെയാണ് സി.പി.എം നടത്തുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെ പോലുള്ളവരുടെ നിലപാടും സ്വഭാവവും മാറണമെങ്കിൽ അവർ കേരള സാമൂഹ്യാന്തരീക്ഷം മനസിലാക്കേണ്ടതുണ്ട്. ഉറൂബിന്റെ ഉമ്മാച്ചുവിലും, സുന്ദരികളും സുന്ദരന്മാരിലും, എസ്.കെ. പൊറ്റക്കാടിന്റെ സർഗവഴികളിലുമെല്ലാം നമ്മളൊന്ന് എന്ന് പറഞ്ഞു തരുന്നുണ്ടായിരുന്നു. ഇതൊന്നും മനസിലാക്കാതെ, മനുഷ്യരോട് പൗരത്വം ചോദിക്കുന്നവരിൽ നിന്ന് ഇന്ത്യയെ രക്ഷിച്ചെടുക്കുക തന്നെ വേണം. അതിന് ഇന്ന് കഴിയുന്ന ഏക പാർട്ടി കോൺഗ്രസ് മാത്രം. മഹാഭാരതമൊക്കെ ഉദ്ധരിച്ചുള്ള കബീറിന്റെ സംഘ്പരിവാർ വിമർശം കേൾക്കാൻ തൊട്ടു മുന്നിൽ ഒ.രാജഗോപാൽ ശാന്തനായി ഇരുന്നു. കബീറിന്റെ പ്രസംഗശേഷം പ്രതിപക്ഷത്തെ അംഗങ്ങൾ അദ്ദേഹത്തെ ആവേശപൂർവം അഭിനന്ദിക്കുന്നത് കാണാമായിരുന്നു.
സി.പി.ഐയിലെ ആർ. രാമചന്ദ്രന് പക്ഷെ വയനാട്ടിൽ തന്റെ പാർട്ടിക്കാരനെ തോൽപ്പിച്ച രാഹുൽ ഗാന്ധിയോടുള്ള എതിർപ്പിന്റെ ശക്തി ഇനിയും കുറഞ്ഞിട്ടില്ല. കനയ്യകുമാറിനെതിരെ രാജ്യദ്രോഹ കേസെടുത്തതിൽ പാർട്ടിയുടെ രോഷവും രാമചന്ദ്രൻ ആവർത്തിച്ചു. ചർച്ച തുടങ്ങിവെച്ച സി.പി.എം അംഗം എസ്.ശർമ്മക്ക് ഒരു കാര്യം ഉറപ്പുണ്ട് - ഇടതുപക്ഷത്തിന്റെ തുടർ ഭരണം കേരളത്തിലുണ്ടാകും. പ്രകാശഗോപുരമായാണ് ശർമ്മ പിണറായി സർക്കാരിനെ കാണുന്നത്. പ്രളയ ദുരിതാശ്വാസ സഹായം ലഭിക്കാത്തതിനാൽ വയനാട്ടിൽ ഒരു യുവാവ് ആത്മഹത്യ ചെയ്ത സംഭവം എടുത്ത് പറഞ്ഞാണ് കോൺഗ്രസിലെ ഷാനിമോൾ ഉസ്മാൻ സർക്കാരിന്റെ അവകാശവാദങ്ങളെ പ്രതിരോധിച്ചത്. പി.എസ്.സി പരീക്ഷ നടത്തിപ്പിലെ അരുതായ്മകളാണ് കോൺഗ്രസിലെ പി.ടി. തോമസ് എടുത്ത് പറഞ്ഞത്. ഡിറ്റർമിനേഷൻ (നിശ്ചയദാർഢ്യം) എന്ന വാക്കിന്റെ ആൾരൂപമായാണ് പിണറായി വിജയനെ സി.പി.എമ്മിലെ എ.എൻ ഷംസീർ കാണുന്നത്.
പൗരത്വ നിയമത്തിന്റെ കാര്യത്തിലുൾപ്പെടെ സി.പി.എം പുലർത്തുന്നത് തനി കാപട്യമാണെന്നതിൽ ലീഗിലെ അഡ്വ. എം. ഉമ്മറിന് ഒട്ടുമില്ല സംശയം. ഇത് മനസ്സിലാക്കാതെ ചിലരെങ്കിലും അവർക്കൊപ്പം പോയെങ്കിൽ തെറ്റ് തിരിച്ചറിയുമ്പോൾ അവരും തിരിച്ചു വരും. രമേശ് ചെന്നിത്തല, സി.കെ. നാണു, പി.ജെ. ജോസഫ്,പി.ടി.എ റഹീം, ഒ.രാജഗോപാൽ പി.സി. ജോർജ്, കെ.വി. അബ്ദുൽ ഖാദർ, ഇ.കെ. വിജയൻ എന്നിവരും പ്രസംഗിച്ചു.
സി.പി.എമ്മിലെ ടി.വി രാജേഷ് പെരിയ ഇരട്ടക്കൊലയുടെ പേരിൽ പ്രതിഷേധിക്കുന്ന പ്രതിപക്ഷത്തെ, യു.ഡി.എഫുകാർ നടത്തിയ കൊലപാതകങ്ങൾ എടുത്തു കാണിച്ചു നേരിട്ടു. തിരുവഞ്ചൂർ രാധാകൃഷ്ണൻ ആഭ്യന്തര മന്ത്രിയായപ്പോൾ തങ്ങളുടെ പാർട്ടിക്കാർക്കെതിരെ കള്ളക്കേസെടുത്തു എന്ന പരാമർശം വാക് പോരിന് കാരണമായി. രാജേഷിന് പുറമെ എം. സ്വരാജ്, എ.എൻ. ഷംസീർ എന്നിവരായിരുന്ന ഏറെ ക്ഷോഭിച്ചത്. യു.ഡി.എഫിന്റെ സഖ്യകക്ഷിയായ ജമാഅത്തെ ഇസ്ലാമിക്കൊപ്പം കീഴാറ്റൂരിൽ സമരം ചെയ്തിട്ടും ഗെയിൽ പൈപ്പ് ലൈൻ വന്നില്ലെ?' രാജേഷ് ആവേശം കൊണ്ടു.
മുൻ എം.എൽ.എ കെ.കെ. ലതികയുടെ മകന്റെ വിദേശ യാത്ര മുടങ്ങുന്ന വിധത്തിൽ കേസെടുത്തു എന്ന പരാമർശത്തിൽ തിരുവഞ്ചൂർ ഇടപെട്ടു. സംഭവിച്ചത് അങ്ങനെയല്ലെന്ന് തിരുവഞ്ചൂർ. ഇങ്ങനെയൊരു വിഷയമുണ്ടെന്ന് അന്നത്തെ എം.എൽ.എ കെ.കെ. ലതിക പറഞ്ഞപ്പോൾ ഉടൻതന്നെ ഇടപെട്ട് ലതികയുടെ മകന് വിദേശത്ത് പോകാനുള്ള സൗകര്യമുണ്ടാക്കി കൊടുത്തു. ഇക്കാര്യം തനിതുവരെ ആരോടും പറഞ്ഞിട്ടില്ലെന്ന് മുൻ ആഭ്യന്തര മന്ത്രിയുടെ വെളിപ്പെടുത്തൽ.
അഹമ്മദ് കബീറിന്റെ രാഷ്ട്രീയ പരാമർശങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറഞ്ഞു. കോൺഗ്രസ് അതിന്റെ ന്യൂനപക്ഷ വിരുദ്ധത കാരണം ഇല്ലാതായിപ്പോയതാണെന്ന് ഇന്ത്യയിൽ നടന്ന വർഗീയ കലാപങ്ങളുടെ പട്ടിക നിരത്തി മുഖ്യമന്ത്രി പറഞ്ഞുവെച്ചു. അങ്ങനെയാണ് ബി.ജെ.പി അധികാരത്തിൽവന്നത്.
ചോദ്യോത്തരവേളയിൽ വൈദ്യുതി രംഗത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്കെഴുന്നേറ്റ ഭരണകക്ഷി അംഗങ്ങളെല്ലാം മന്ത്രി എം.എം മണിയെ വല്ലാതെ പുകഴ്ത്തുന്നത് കേട്ടപ്പോൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സംശയം. മന്ത്രിമാരെ പുകഴ്ത്തി സംസാരിക്കണമെന്ന് ഇടതു മുന്നണി സാമാജികർക്ക് വിപ്പ് നൽകിയിട്ടുണ്ടോ? അസൂയ പാടില്ല പ്രതിപക്ഷ നേതാവേ സത്യം സത്യമായി കാണണം- മന്ത്രിയുടെ പ്രതികരണം. നല്ലതു ചെയ്യുന്നതു കൊണ്ടാണ് അഭിനന്ദിക്കുന്നത്. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഇതുപോലെ പൊളിഞ്ഞ വകുപ്പ് ഇല്ലായിരുന്നു. പെരിയ ഇരട്ടക്കൊലപാതക കേസിന്റെ അന്വേഷണരേഖകൾ സി.ബി.ഐക്ക് കൈമാറാത്ത പോലീസ് നടപടിയെ ന്യായീകരിച്ച മുഖ്യമന്ത്രിക്കെതിരെയുള്ള പ്രതിപക്ഷ രോഷം സഭയെ കുറച്ചു നേരം പ്രക്ഷുബ്ധമാക്കി. കേസ് സി.ബി.ഐക്ക് വിട്ട നടപടിക്കെതിരെ സർക്കാർ നൽകിയ അപ്പീലിൽ തീരുമാനമായിട്ടേ മറ്റു നടപടികളിലേക്ക് പോവുകയുള്ളു എന്നതായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. ഇടക്കെപ്പോഴോ, പ്രതിപക്ഷത്തിന്റെ വിടുവായത്തം എന്ന പരാമർശം മുഖ്യമന്ത്രിയിൽ നിന്ന് കേട്ടു. ബഹളം ഭരണ പ്രതിപക്ഷാംഗങ്ങൾ തമ്മിലുള്ള നേർക്കുനേരിലേക്ക് കാര്യങ്ങളെത്തിച്ചു.
പെരിയ കേസിൽ പ്രതികളെ രക്ഷപ്പെടുത്താൻ ശ്രമമുണ്ടെന്ന് കോടതിക്ക് ബോധ്യപ്പെട്ടതുകൊണ്ടാണ് സി.ബി.ഐക്ക് വിട്ടതെന്ന് അടിയന്തര പ്രമേയ നോട്ടീസ് നൽകിയ ഷാഫി പറമ്പിൽ കടന്നാക്രമിച്ചു. സി.ബി.ഐ അന്വേഷണത്തിനെതിരെ വാദിക്കാൻ ലക്ഷങ്ങൾ മുടക്കി അഭിഭാഷകരെ കൊണ്ടുവരുന്നതിനെയും ഷാഫി മൂർച്ചയുള്ള വാക്കുകളിൽ വിമർശിച്ചിരുന്നു. കൊലപാതകത്തിൽ സി.പി.എമ്മിന് നേരിട്ട് ബന്ധമുണ്ടെന്ന് കുറ്റപത്രത്തിൽ വ്യക്തമാണ്. അപ്പോഴാണ് വിടുവായത്തത്തിന് മറുപടിയില്ലെന്ന മുഖ്യമന്ത്രിയുടെ പരാമർശം.
ഭരണപക്ഷവും ഇരിപ്പിടം വിട്ട് മുഖ്യമന്ത്രിയുടെ സീറ്റിനരികിലേക്ക് നീങ്ങി. പരസ്പരം പോർവിളി. ബഹളത്തിനിടെ മന്ത്രി ഇ.പി ജയരാജൻ മുഖ്യമന്ത്രിയുടെ മൈക്കിലൂടെ മോശം പരാമർശം നടത്തിയെന്ന് വി.ഡി സതീശൻ. രംഗമൊന്ന് ശാന്തമായതോടെ പ്രസംഗം തുടർന്ന മുഖ്യമന്ത്രി വിടുവായത്തമെന്ന വാക്ക് തുടർന്നും പലവട്ടം ആവർത്തിച്ചു കൊണ്ടേയിരുന്നു. പെരിയ കേസിലെ കോടതി വിധിയിൽ സർക്കാരിന് എതിർപ്പുണ്ടെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, ആവശ്യമെങ്കിൽ ഇനിയും അഭിഭാഷകരെ കൊണ്ടുവരുമെന്ന് വിമർശകരുടെ കരണത്തടിച്ചു. വിടുവായത്തമെന്നത് മുഖ്യമന്ത്രിക്ക് ചേർന്ന പരാമർശമല്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഓർമ്മിപ്പിച്ചെങ്കിലും മുഖ്യമന്ത്രി വഴങ്ങിയില്ല.