കൊല്ലം- ദേവനന്ദയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് സംശയിക്കുന്ന ബന്ധുവിനെ ചോദ്യം ചെയ്തതായി അറിയുന്നു. മൊഴി എടുക്കാനെന്ന മട്ടിൽ വിളിച്ചു വരുത്തി വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. ഇളവൂർ സ്വദേശിയായ ഇയാൾക്കെതിരെ ദേവനന്ദയുടെ അടുത്ത ബന്ധുക്കളിൽ ഒരാൾ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു.
പഠിക്കുന്ന സ്കൂളിലെ ക്ലാസ് മുറിയിൽ അടുത്ത ബെഞ്ചിലേക്ക് മാറി ഇരിക്കണമെങ്കിലും അധ്യാപകരോട് ചോദിക്കുന്ന കുട്ടിയാണ് ദേവനന്ദ. അമ്മയോട് ചോദിക്കാതെ അയൽ വീടുകളിലേക്ക് പോലും പോകാറില്ല. ഒറ്റയ്ക്ക് ആറ്റിലേക്ക് പോയെന്ന് അവളെ അറിയാവുന്ന
വർക്ക് വിശ്വസിക്കാനാകുന്നില്ല എന്നുതന്നെയാണ് വീട്ടുകാരുടെയും നാട്ടുകാരുടെയും മനസ്സിലുള്ളതും. മറ്റു നാലു പേർ കൂടി നിരീക്ഷണത്തിലാണ്. ആരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ലെങ്കിലും പോലീസിന്റെ കണ്ണുകൾ ഇയാൾക്ക് പിന്നിലുണ്ട്.
ഏഴ് വയസുകാരി ദേവനന്ദയുടെ മരണത്തിന് പിന്നിലെ ദുരൂഹതയ്ക്ക് ആക്കം കൂട്ടി കുട്ടിയെ വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയതാണോ എന്ന സംശയം ഇതോടെ ബലപ്പെടുകയാണ്. വീടുമായി അടുപ്പമുള്ള ആരെങ്കിലും കുട്ടിയെ എടുത്തുകൊണ്ടുപോയതാകാമെന്ന ബന്ധുക്കളുടെ സംശയത്തിലാണ് അന്വേഷണം നടത്താൻ പോലീസ് തീരുമാനിച്ചത്. ചെരിപ്പില്ലാതെ പുറത്തിറങ്ങാത്ത കുട്ടി 100 മീറ്ററോളം ദൂരം നടന്ന് ആറ്റിൻകരയിൽ എത്തിയതെങ്ങനെയെന്നതിൽ ആദ്യംതന്നെ സംശയത്തിന് ഇടയാക്കിയിരുന്നു. വീട്ടിൽ ഇളയ കുഞ്ഞിനൊപ്പം ഇരിക്കുന്നതിനിടെയാണ് ദേവനന്ദയെ കാണാതായത്.
ദേവനന്ദയുടെ ചെരിപ്പ് ഹാളിൽ തന്നെ ഉണ്ടായിരുന്നു. ചെരിപ്പിന്റെ മണം പിടിച്ചാണ് പോലീസിന്റെ ട്രാക്കർ ഡോഗ് റീന വീടിന് പിന്നിലേക്കും അടച്ചിട്ടിരുന്ന അടുത്ത വീടിനടുത്തേക്കും പിന്നെ പുഴയുടെ തീരത്തേക്കും ഓടിയെത്തിയത്. വീടിനെയും കുട്ടിയെയും നന്നായി അറിയുന്ന ഒരാൾ കുട്ടിയെ എടുത്തുകൊണ്ടുപോയാൽ കുട്ടി ബഹളം വെക്കാനിടയില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. അങ്ങനെ കൊണ്ടുപോയതിനാലാകാം ചെരിപ്പ് ഇടാതിരുന്നത്. ചെരിപ്പില്ലാതെ ദുർഘടമായ വഴിയിലൂടെ കുട്ടി നടന്ന് പുഴയുടെ സമീപത്ത് എത്തില്ലെന്ന ബന്ധുക്കളുടെ സംശയം പോലീസ് അതീവ ഗൗരവമായി എടുത്തിട്ടുണ്ട്.
വീട്ടിലെ ഹാളിൽ മൂന്ന് മാസം പ്രായമുള്ള അനുജൻ ദേവദത്തിനൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടി പെട്ടെന്ന് അപ്രത്യക്ഷമായത് തുടക്കംമുതൽ വലിയ സംശയങ്ങൾക്ക് ഇട നൽകിയിരുന്നു. കുറഞ്ഞ സമയംകൊണ്ട് വീട്ടിലേക്ക് കടന്നുവന്നതാരാണെന്നാണ് ഇപ്പോൾ പോലീസ് അന്വേഷിക്കുന്നത്. വീടുമായി ബന്ധമുള്ള എല്ലാവരുടെയും പട്ടിക തയാറാക്കിക്കഴിഞ്ഞു.
നേരിയ സംശയമുള്ളവരെ മൊഴിയെടുക്കാനെന്ന നിലയിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തുവരികയാണ്. നൂറിലധികം പേരുടെ മൊഴി രേഖപ്പെടുത്തിയതിൽ പോലീസ് സംശയിക്കുന്ന നാലുപേരുണ്ടെന്നാണ് ലഭിക്കുന്ന സൂചന. കുട്ടിയുടെ തിരോധാനത്തിന് ശേഷം ഇവരുടെ പെരുമാറ്റം, ഫോൺ കാളുകൾ, പ്രദേശത്തെ സാന്നിധ്യം എന്നിവയൊക്കെ അന്വേഷണ സംഘം സസൂക്ഷ്മം വിലയിരുത്തുകയാണ്.
തിരോധാനത്തിന് തൊട്ട് മുൻപ് കുട്ടി അമ്മ ധന്യ തുണി അലക്കുന്നിടത്തേക്ക് ചെന്നിരുന്നു. അവിടെനിന്ന് ധന്യ വഴക്കുപറഞ്ഞാണ് തിരികെ അയച്ചത്. ഇതിന് ശേഷം ആരുടെയോ സാന്നിധ്യം വീട്ടിൽ ഉണ്ടായിട്ടുണ്ടാകുമെന്ന കാര്യത്തിൽ സംശയങ്ങൾക്ക് ബലം വെക്കുകയാണ്. നിരപരാധികൾക്ക് വേദനയുണ്ടാകാത്ത വിധം ശാസ്ത്രീയമായ തെളിവെടുപ്പും ചോദ്യം ചെയ്യലും മതിയെന്ന കർശന നിർദ്ദേശമുള്ളതിനാൽ സംശയിക്കുന്നവരുടെ പട്ടികയിലുള്ളവരെയും അതീവ രഹസ്യമായി നിരീക്ഷിക്കുകയാണ് അന്വേഷണ സംഘം.
കുട്ടിയുടെ ശരീരത്തിൽ ബലപ്രയോഗത്തിന്റെ അടയാളങ്ങൾ ഉണ്ടായിരുന്നില്ല. പോസ്റ്റുമോർട്ടത്തിൽ മുങ്ങി മരണമാണെന്ന് ഏകദേശ വ്യക്തത കൈവരികയും ചെയ്തു. എന്നാൽ കാണാതായി ഒരു മണിക്കൂറിനു ശേഷമാണ് കുട്ടി മരിച്ചതെന്നതാണ് കൂടുതൽ സംശയങ്ങൾക്ക് ഇടയാക്കുന്നത്.
കാണാതായി മിനിട്ടുകൾക്കകംതന്നെ അന്വേഷണം തുടങ്ങിയിരുന്നു. പുഴയിലടക്കം അപ്പോൾത്തന്നെ തിരച്ചിലും നടത്തി. എന്നിട്ടും കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത് വീടിന് വിളിപ്പാടകലെത്തന്നെയാണ്. സംശയങ്ങൾക്ക് ശരിയായ ഉത്തരം കണ്ടെത്താനുള്ള ഊർജിത ശ്രമത്തിലാണ് അന്വേഷണ സംഘം.
പോസ്റ്റുമോർട്ടത്തിന്റെ പ്രാഥമിക റിപ്പോർട്ട് മാത്രമാണ് അന്വേഷണ സംഘത്തിന്റെ പക്കലുള്ളത്. കുട്ടിയുടെ ശരീരത്ത് പ്രത്യേക തരത്തിൽ അടയാളങ്ങളൊന്നും ഇൻക്വസ്റ്റിൽ കണ്ടെത്തിയിട്ടുമില്ല. പുഴയിലേക്ക് കുട്ടി സ്വയം വീണതോ കൊണ്ടിട്ടതോ എന്ന കാര്യത്തിൽ വ്യക്തത വരുത്താൻ പോസ്റ്റുമോർട്ടം നടത്തിയ വിദഗ്ധ സംഘം ഇളവൂരിലെത്തുന്നുണ്ട്. ഇന്നലെ രാവിലെ ഫോറൻസിക് സർജൻമാരുടെ സംഘം എത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും സന്ദർശനം ബുധനാഴ്ചയിലേക്ക് മാറ്റി. ഇവരെത്തിയാൽ ശാസ്ത്രീയമായ അന്വേഷണത്തിന് സഹായകരമാകും.