ന്യൂദല്‍ഹി- ദല്‍ഹിയില്‍ പ്രതിഷേധിക്കുന്നവരെ തുടച്ചു നീക്കുമെന്ന വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാവ് കപില്‍ മിശ്രക്ക് വൈ കാറ്റഗറി സുരക്ഷ നല്‍കി. തനിക്ക് സുരക്ഷാപ്രശ്‌നങ്ങള്‍ ഉണ്ടെന്ന് ചൂണ്ടികാണിച്ച് അദ്ദേഹം നല്‍കിയ അപേക്ഷ പരിഗണിച്ചാണ് ഈ നടപടി.ദല്‍ഹിയെ കലാപ ഭൂമിയാക്കിയതിന് കാരണമായത് ബിജെപി നേതാക്കളുടെ പ്രസംഗം തന്നെയായിരുന്നു. കപില്‍ മിശ്രയ്‌ക്കൊപ്പം ബിജെപി നേതാക്കളായ അനുരാഗ് ഠാക്കൂര്‍, അഭയ് വര്‍മ്മ, പര്‍വേഷ് വര്‍മ്മ എന്നിവരാണ് വിവധ തരത്തിലുള്ള വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയത്. ഇവര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി അടുത്ത ദിവസം പരിഗണിക്കാനിരിക്കെയാണ് കപില്‍ മിശ്രയുടെ സുരക്ഷ കൂട്ടിയത്.
ദല്‍ഹിയിലെ ജനങ്ങളുടെ ജീവന് തന്നെ ഭീഷണിയാക്കിയ കലാപത്തിന് വെടിമരുന്നിട്ട ബിജെപി നേതാവിന്റെ സുരക്ഷ വര്‍ധിപ്പിച്ചതില്‍ പ്രതിഷേധത്തിലാണ് കോണ്‍ഗ്രസ്. ഇത്തരക്കാരെ അറസ്റ്റ് ചെയ്യുന്നതിന് പകരം ബിജെപി സര്‍ക്കാര്‍ സുരക്ഷ കൂട്ടിയിരിക്കുകയാണ്. ഇത് വളരെ സങ്കടമുള്ള കാര്യമാണെന്നാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം.
പൗരത്വ നിയമഭേദഗതിക്കെതിരെ ഷഹീന്‍ ബാഗ് അടക്കമുള്ളയിടങ്ങളില്‍ പ്രതിഷേധം നടത്തുന്നവരെ ഒഴിപ്പിച്ചില്ലങ്കില്‍ അവരെ ഒഴിപ്പിക്കാന്‍ തെരുവിലിറങ്ങും എന്നാണ് കപില്‍ മിശ്രയുടെ ഭീഷണി. ദല്‍ഹി പൊലീസിനോടായിരുന്നു അദ്ദേഹം ഇത്തരത്തില്‍ ഭീഷണി മുഴക്കിയത്. ഇതിന് പിന്നാലെയാണ് ഡല്‍ഹിയില്‍ കലാപം ഉണ്ടായത്.