Sorry, you need to enable JavaScript to visit this website.

ദല്‍ഹിയിലേത് സംഘടിത ആക്രമണം- ഇറാന്‍;  പ്രതിഷേധം അറിയിച്ച് ഇന്ത്യ

ന്യൂദല്‍ഹി- മുസ്‌ലിം പൗര•ാരെ ലക്ഷ്യം വയ്ക്കുന്ന സാമുദായിക അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന ഇറാനിയന്‍ വിദേശകാര്യമന്ത്രി ജവാദ് സരിഫിന്റെ ട്വീറ്റിന് പിന്നാലെ ഇറാന്‍ അംബാസിഡറെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചു. ഇറാന്‍ അംബാസിഡര്‍ അലി ചെങ്ങേനിയെ വിളിച്ചുവരുത്തിയാണ് ഇന്ത്യ പ്രതിഷേധം അറിയിച്ചത്. ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇറാന്‍ അഭിപ്രായപ്രകടനം നടത്തിയതിലുള്ള പ്രതിഷേധവും ഇന്ത്യ ഇറാന്‍ അംബാസിഡറെ അറിയിച്ചു.
ഇന്ത്യന്‍ മുസ്‌ലീങ്ങള്‍ക്ക് നേരെയുള്ള സംഘടിത ആക്രമണം എന്നാണ് ദല്‍ഹി കലാപത്തെ അപലപിച്ചു കൊണ്ടുള്ള ട്വീറ്റില്‍ ഇറാന്‍ വിദേശകാര്യമന്ത്രി ജാവേദ് സാരിഫ് അഭിപ്രായപ്പെട്ടത്. 'ഇന്ത്യയിലെ മുസ്‌ലീങ്ങള്‍ക്ക് എതിരായ സംഘടിത ആക്രമണങ്ങളെ ഇറാന്‍ അപലപിക്കുന്നു. നൂറ്റാണ്ടുകളായി  ഇറാന്‍ ഇന്ത്യയുടെ സുഹൃത്താണ്. ഇന്ത്യന്‍ അധികൃതരോട് മുഴുവന്‍ ഇന്ത്യന്‍ ജനങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെടുകയാണ്' -എന്നായിരുന്നു സരിഫിന്റെ ട്വീറ്റ്.
50 പേരുടെ ജീവനാണ് കഴിഞ്ഞയാഴ്ച ഉണ്ടായ കലാപത്തില്‍ പൊലിഞ്ഞത് . നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കലാപ ബാധിത മേഖലകള്‍ പൂര്‍വ്വ സ്ഥിതിയിലാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. അവശിഷ്ടങ്ങള്‍ തെരുവുകളില്‍ നിന്ന് നീക്കി തുടങ്ങി. റോഡുകളുടെ അറ്റകുറ്റ പണികള്‍ നടക്കുകയാണ്. കടകള്‍ തുറക്കുകയും വാഹനങ്ങള്‍ ഓടി തുടങ്ങുകയും ചെയ്തിട്ടുണ്ട്.

Latest News