ഇസ്ലാമാബാദ്- അല്‍ഖാഇദ തലവനായിരുന്ന ഉസാമ ബിന്‍ലാദിനെ പിടികൂടാന്‍ യു.എസ്. രഹസ്യാന്വേഷണ ഏജന്‍സിയായ സി.ഐ.എ.യെ സഹായിച്ച പാക്കിസ്ഥാനിലെ ഡോക്ടര്‍ ശക്കീല്‍ അഫ്രീദി ജയിലില്‍ നിരാഹാരത്തില്‍.
2011-ല്‍ ഡോ.ശക്കീല്‍ അഫ്രീദി പാക്കിസ്ഥാനിലെ ആബട്ടാബാദ് മേഖലയില്‍ നടത്തിയ കുത്തിവെപ്പ് കാമ്പയിനിലൂടെയാണ് ബിന്‍ ലാദിന്റെ ഒളിത്താവളം അമേരിക്ക കണ്ടെത്തിയത്. തുടര്‍ന്ന് രഹസ്യ സൈനികനടപടിയിലൂടെ വധിക്കുകയായിരുന്നു.
യു.എസ്. ഏജന്റുമാരെ സഹായിച്ച ഡോ. ശക്കീല്‍ വര്‍ഷങ്ങളായി പാക്കിസ്ഥാനില്‍ തടവിലാണ്. തനിക്കും കുടുംബത്തിനുമെതിരേ തുടരുന്ന അനീതികള്‍ ചൂണ്ടിക്കാട്ടിയാണ് ശക്കീല്‍ അഫ്രീദിയുടെ പ്രതിഷേധമെന്ന് സഹോദരന്‍ ജമീല്‍ അഫ്രീദിയും അഭിഭാഷകനും പറഞ്ഞു.
ഭീകരബന്ധമാരോപിച്ച് 2012-ലാണ് പാക്കിസ്ഥാന്‍ അഫ്രീദിക്ക് 33 വര്‍ഷം തടവുശിക്ഷ വിധിച്ച് മധ്യ പഞ്ചാബിലെ ജയിലിലടച്ചത്. പിന്നീട് ശിക്ഷ 10 വര്‍ഷമായി കുറച്ചു. അഫ്രീദിയുടെ ശിക്ഷ പ്രതികാരനടപടിയുടെ ഭാഗമാണെന്ന് മനുഷ്യാവകാശപ്രവര്‍ത്തകരടക്കമുള്ളവര്‍ ആരോപിച്ചിരുന്നു. ബിന്‍ ലാദന്‍ പാക്കിസ്ഥാനിലാണ് ഒളിച്ചുതാമസിച്ചിരുന്നുവെന്നതും വധവും പാക്കിസ്ഥാന് വലിയ നാണക്കേടുണ്ടാക്കിയിരുന്നു. അഫ്രീദിക്ക് നിയമസഹായം നിിഷേധിച്ചിരുന്ന പാക് സര്‍ക്കാര്‍ അദ്ദേഹത്തിന്റെ കുടുംബത്തെ വേട്ടയാടിയിരുന്നതായും നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. അഫ്രീദിയെ മോചിപ്പിക്കാന്‍ പാക്കിസ്ഥാനോട് ആവശ്യപ്പെടുമെന്ന് യു.എസ് തെരഞ്ഞെടുപ്പു പ്രചാരണങ്ങള്‍ക്കിടെ വാഗ്ദാനം ചെയ്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അധികാരത്തിലേറിയശേഷം വാക്കുപാലിക്കാത്തതും വിവാദമായിരുന്നു.