അലീഗഢ്- പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ ഭര്‍ത്താവ് നിര്‍ബന്ധിക്കുന്നതായി സ്ത്രീ പോലീസില്‍ പരാതി നല്‍കി. ഉത്തര്‍പ്രദേശിലെ അലീഗഢിലാണ് സംഭവം.
സമരത്തില്‍ പങ്കെടുക്കുന്ന സ്ത്രീകളെ പിന്തിരിപ്പിക്കാന്‍ പോലീസ് വീടുകള്‍ കയറി പ്രചാരണം നടത്തിയപ്പോഴാണ് സ്ത്രീ ഭര്‍ത്തവിനും ബന്ധുക്കള്‍ക്കുമെതിരെ പരാതി നല്‍കിയതെന്ന് പറയുന്നു.
രണ്ടര മാസമായി രാജ്യത്തിന്റെ വിവിധഭാഗങ്ങളിലെന്ന പോലെ അലീഗഢിലും സി.എ.എക്കെതിരെ പ്രതിഷേധം തുടരുകയാണ്. സമരം അടിച്ചമര്‍ത്താന്‍ എല്ലാ നടപടികളും സ്വീകരിച്ച പോലീസ് ഇപ്പോള്‍ വീടുകള്‍ കയറിയുള്ള പ്രചാരണത്തിലാണ്. അലീഗഢ് സിറ്റിയില്‍ തുടരുന്ന ധര്‍ണയില്‍ പങ്കെടുക്കരുതെന്ന് ആവശ്യപ്പെടാനാണ് പോലീസ് വീടുകള്‍ കയറിയിറങ്ങുന്നത്.
പോലീസിനു പരാതി ലഭിച്ചിട്ടുണ്ടെന്നും ധര്‍ണ നടത്താന്‍ ചിലര്‍ സ്ത്രീകളില്‍ സമ്മര്‍ദം ചെലുത്തുകയാണെന്നും അലീഗഢ് എ.സി.എം രണ്‍ജീത് സിംഗ് പറഞ്ഞു.
ഏതാനും ദിവസം മുമ്പ് അലീഗഢിലെ ജീവന്‍ഗഢില്‍നിന്ന് പോലീസ് സി.എ.എ പ്രതിഷേധക്കാരെ ബലംപ്രയോഗിച്ച് നീക്കിയിരുന്നു.
ഭര്‍ത്താവ് സമ്മര്‍ദം ചെലുത്തുന്നുവെന്ന് സ്ത്രീ പരാതിപ്പെടുന്ന വീഡിയോ ബി.ജെ.പി, സംഘ് പരിവാര്‍ പ്രവര്‍ത്തകര്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.