ശ്രീനഗര്‍-പഴയ ജമ്മുവിലെ ചരിത്ര പ്രസിദ്ധമായ വാണിജ്യ കേന്ദ്രമായ സിറ്റി ചൗക്ക് ഇനി മുതല്‍ ഭാരത് മാതാ ചൗക്ക്. ബിജെപി ഭരിക്കുന്ന ജമ്മു മുനിസിപ്പല്‍ കോര്‍പ്പറേഷനാണ് (ജെഎംസി)സിറ്റി ചൗക്കിന്റെ പേര് മാറ്റിയത്. സിറ്റി ചൗക്കിന്റെ പേരുമാറ്റത്തില്‍ ജനങ്ങളില്‍ നിന്ന് സമ്മിശ്ര പ്രതികരണമാണ് വരുന്നത്. ഭൂരിഭാഗവും തീരുമാനത്തെ സ്വാഗതം ചെയ്തുവെങ്കിലും പേരുകള്‍ മാറ്റുന്നതിനേക്കാള്‍ വികസനത്തിലും ശുചിത്വത്തിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് കുറച്ച് വിഭാഗം ജനങ്ങളുടെ പ്രതികരണം.
പൊതുജനങ്ങളുടെ ആവശ്യപ്രകാരം 'സിറ്റി ചൗക്ക്' 'ഭാരത് മാത ചൗക്ക്' എന്ന് പുനര്‍നാമകരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാല് മാസം മുമ്പ്ഞാന്‍ സഭയില്‍ നിര്‍ദ്ദേശം മുന്നോട്ടുവച്ചിരുന്നു. ' – ഡെപ്യൂട്ടി മേയറും ബിജെപി നേതാവുമായ പൂര്‍ണ്ണിമ ശര്‍മ്മ പറഞ്ഞു.
'ഈ സ്ഥലം ചരിത്രപരവും മുന്‍കാലത്തെ പ്രധാന തീരുമാനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും സാക്ഷിയാണ്. എല്ലാ വര്‍ഷവും റിപ്പബ്ലിക്, സ്വാതന്ത്ര്യദിനങ്ങളില്‍ ആളുകള്‍ ഈ ചൗക്കില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തുകയും ചെയ്യാറുണ്ട്. ജനങ്ങളുടെ ആവശ്യമായിരുന്നു സിറ്റി ചൗക്കിന്റെ പേര് ഭാരത് മാത ചൗക്ക് എന്ന് ആക്കണമെന്നതെന്നും പൂര്‍ണ്ണിമ പറഞ്ഞു.