റിയാദ് - പുതുതായി ആരംഭിക്കുന്ന സ്ഥാപനങ്ങൾക്ക് ഓൺലൈൻ വഴി തൽക്ഷണം വിസകൾ അനുവദിക്കുന്ന പുതിയ സേവനം മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ആരംഭിച്ചു. വകുപ്പ് മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹിയാണ് പുതിയ സേവനം ഉദ്ഘാടനം ചെയ്തത്. മാനവ ശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ ഖിവ പോർട്ടൽ വഴിയാണ് തൽക്ഷണ വിസ സേവനം നൽകുന്നത്.
ഇതിന് കടലാസ് രേഖകൾ ഹാജരാക്കുകയോ മാനവ ശേഷി, സാമൂഹിക വികസന മന്ത്രാലയ ശാഖകൾ നേരിട്ട് സമീപിക്കുകയോ വേണ്ടതില്ല. നിശ്ചിത മാനദണ്ഡങ്ങൾക്കും വ്യവസ്ഥകൾക്കും വിധേയമാണ് പുതുതായി ആരംഭിക്കുന്ന സ്ഥാപനങ്ങളിലേക്ക് വിദേശങ്ങളിൽ നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് ഉടനടി വിസകൾ അനുവദിക്കുക.
വിദേശ തൊഴിലാളികൾക്കുള്ള സ്വകാര്യ സ്ഥാപനങ്ങളുടെ ആവശ്യങ്ങളെ കുറിച്ച് വിശദമായി പഠനങ്ങൾ നടത്തി, എല്ലാ വിഭാഗം സ്ഥാപനങ്ങൾക്കും പ്രയോജനപ്പെടുന്ന നിലക്കാണ് പുതിയ സേവനം ആരംഭിച്ചിരിക്കുന്നതെന്ന് മാനവ ശേഷി, സാമൂഹിക വികസന മന്ത്രാലയ വക്താവ് നാസിർ അൽഹസാനി പറഞ്ഞു.
വരും വർഷങ്ങളിൽ സൗദിവൽക്കരണ തോതിൽ അനുകൂല ഫലം ചെലുത്തുന്നതിനും ഇതിലൂടെ സാധിക്കും. സ്ഥാപന ഘട്ടത്തിൽ പ്രവർത്തനം എളുപ്പമാക്കുന്നതിനും പ്രവർത്തനം തുടരുന്നതിനും പുതുതായി ആരംഭിക്കുന്ന സ്ഥാപനങ്ങൾക്ക് സൗദിവൽക്കരണ വ്യവസ്ഥകളിൽ ഇളവ് നൽകി വിസകൾ അനുവദിക്കുകയാണ് ചെയ്യുക.
ഇത്തരം സ്ഥാപനങ്ങളുടെ നിലനിൽപും വിജയവും സ്വദേശികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് സഹായിക്കും.
ഈ സ്ഥാപനങ്ങൾക്കുള്ള സൗദിവൽക്കരണ പദ്ധതി മന്ത്രാലയം തയാറാക്കും. പ്രവർത്തനം എളുപ്പമാക്കുന്നതിന് നിതാഖാത്ത് പദ്ധതിയിൽ നിന്ന് സ്ഥാപനങ്ങൾക്ക് ഒരു വർഷത്തേക്ക് ഇളവ് നൽകും.
ബിസിനസ് പദ്ധതികൾ ആരംഭിക്കുന്നതിന് സ്വദേശി യുവതീയുവാക്കൾക്കു മുന്നിൽ അവസരമൊരുക്കുകയും പ്രതിബന്ധങ്ങൾ ഇല്ലാതാക്കുകയുമാണ് പുതിയ സേവനം ചെയ്യുന്നത്.
സ്വന്തം നിലക്ക് ബിസിനസ് സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനും ദേശീയ സമ്പദ്വ്യവസ്ഥയുടെ വളർച്ചയിൽ പങ്കാളിത്തം വഹിക്കുന്നതിനും തൊഴിലാളികളിൽ നിന്ന് തൊഴിലുടമകളായി മാറുന്നതിനും ആവശ്യമായ എല്ലാ ഇളവുകളും ഈ സേവനം സ്വദേശി യുവതീയുവാക്കൾക്ക് നൽകുന്നു.
ആറു മാസത്തിൽ കൂടുതൽ പഴക്കമില്ലാത്ത സ്ഥാപനങ്ങൾക്കാണ് തൽക്ഷണ വിസകൾ അനുവദിക്കുക. തൽക്ഷണ വിസാ സേവനത്തിന് വ്യത്യസ്ത പ്രവർത്തന വിഭാഗങ്ങൾക്കും വലിപ്പത്തിനും അനുസരിച്ച് വ്യത്യസ്തമായ മാനദണ്ഡങ്ങൾ ബാധകമാണ്. ഒന്നാം വിഭാഗത്തിൽ പെട്ട സ്ഥാപനങ്ങൾക്ക് മിനിമം വിസകളാണ് ഉടനടി അനുവദിക്കുക. രണ്ടും മൂന്നും വിഭാഗങ്ങളിൽ പെട്ട സ്ഥാപനങ്ങൾക്ക് ഇടത്തരം റേയ്ഞ്ചിലുള്ള വിസകൾ ലഭിക്കും. നാലാം വിഭാഗത്തിൽ പെട്ട സ്ഥാപനങ്ങൾക്ക് പരമാവധി വിസകൾ ലഭിക്കും. രണ്ടും മൂന്നും വിഭാഗം സ്ഥാപനങ്ങൾ, സ്ഥാപനങ്ങളുടെ സ്ഥലം, പ്രവർത്തന മേഖല എന്നീ വിവരങ്ങൾ തൽക്ഷണ വിസ സിസ്റ്റത്തിൽ നൽകണം. ഇക്കാര്യങ്ങൾ ശരിയാണെന്ന് പിന്നീട് മന്ത്രാലയം അന്വേഷിച്ച് ഉറപ്പു വരുത്തും. വിസകൾ അനുവദിക്കുന്നതിനു മുമ്പായി നാലാം വിഭാഗം സ്ഥാപനങ്ങളുടെ പ്രവർത്തന സ്ഥലവും പ്രവർത്തന മേഖലയും ഉറപ്പു വരുത്തുന്നതിന് മന്ത്രാലയ പ്രതിനിധിയെ നേരിട്ട് അയക്കും.
ബിസിനസ് വിപുലീകരിക്കുന്നതിന് ആഗ്രഹിക്കുന്ന, നിലവിലുള്ള സ്ഥാപനങ്ങൾക്ക് തൽക്ഷണ വിസ അനുവദിക്കുന്ന സേവനം മാനവ ശേഷി, സാമൂഹിക വികസന മന്ത്രാലയം ഖിവ പോർട്ടൽ വഴി നേരത്തെ ആരംഭിച്ചിരുന്നു.
സൗദിവൽക്കരണ പദ്ധതിയായ നിതാഖാത്ത് അനുസരിച്ച് ഇടത്തരം പച്ചയിലും താഴേക്ക് പോകരുതെന്ന് എന്ന വ്യവസ്ഥയോടെയാണ് ഇത്തരം സ്ഥാപനങ്ങൾക്ക് തൽക്ഷണ വിസകൾ അനുവദിക്കുന്നതെന്നും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ വക്താവ് പറഞ്ഞു.