ചെന്നൈ- തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും അണ്ണാ ഡിഎംകെ നേതാവുമായിരുന്ന ജയലളിതയുടെ മരണത്തെ തുടര്‍ന്നുണ്ടായ അധികാരത്തര്‍ക്കത്തില്‍ പിളര്‍ന്ന പാര്‍ട്ടിയിലെ ഒപിഎസ്, ഇപിഎസ് വിഭാഗങ്ങള്‍ ഒന്നിച്ചു. ജയലളിതയുടെ തോഴിയായെത്തി പാര്‍ട്ടി പിടിച്ചടക്കിയ ശശികലയെ ഔദ്യോഗികമായി പുറത്താക്കാനും തീരുമാനമായി. പാര്‍ട്ടി ആസ്ഥാനത്തു വന്ന് പനീര്‍ശെല്‍വമാണ് ലയനം പ്രഖ്യാപിച്ചത്. ലയനത്തിന് കളമൊരുക്കുന്നതിന്റെ ഭാഗമായി ഈ മാസം 10-ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ നേതൃത്വത്തിലുള്ള പക്ഷം ശശികലയുടെ ബന്ധുവായ ടിടിവി ദിനകരനെ പാര്‍ട്ടി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി പദവിയില്‍ നിന്ന് നീക്കിയിരുന്നു.
ലയന ഫോര്‍മുല പ്രകാരം ഒ പനീര്‍ശെല്‍വം തമിഴ്‌നാട് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ധനകാര്യ വകുപ്പും പനീര്‍ശെല്‍വത്തിനാണ്. കെ പാണ്ഡ്യരാജന്‍ ക്യാബിനെറ്റ് മന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ വിളിച്ചു ചേര്‍ത്ത് ശശികലയെ പുറത്താക്കാനുള്ള നീക്കങ്ങള്‍ ഉടന്‍ ആരംഭിക്കും.
ആറു മാസത്തെ പോരിനൊടുവില്‍ അണ്ണാ ഡിഎംകെ വിഭാഗങ്ങള്‍ ഒന്നായതോടെ ശശികലയുടെ നേതൃത്വത്തിലുള്ള മന്നാര്‍ഗുഡി മാഫിയ എന്നു വിളിക്കപ്പെടുന്ന വിഭാഗത്തിന് വീണ്ടും പാര്‍ട്ടിയിലുള്ള പിടി വിട്ടു പോകുമെന്നാണ് വിലയിരുത്തല്‍. ദിനകരന്റെ നേതൃത്വത്തിലുള്ള ഈ വിഭാഗത്തിന്റെ അടുത്ത നീക്കം എന്താകുമെന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ആവശ്യമായ 20 എംഎല്‍എമാരുടെ പിന്തുണ ദിനകരനുണ്ട്.