റിയാദ് - റിയാദ് പ്രവിശ്യയിൽ പെട്ട ദവാദ്മിയിലും ഹായിലിലും വെടിവെപ്പ് നടത്തിയ മൂന്നു സൗദി യുവാക്കളെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു. ദവാദ്മിയിൽ രണ്ടു പൗരന്മാർക്കും ബംഗ്ലാദേശുകാരനും നേരെയാണ് നാൽപതുകാരൻ വെടിവെപ്പ് നടത്തിയത്. കൃത്യത്തിനു ശേഷം തോക്കു ചൂണ്ടി മറ്റൊരു സൗദി പൗരനെ ഭീഷണിപ്പെടുത്തി തട്ടിയെടുത്ത കാറിൽ സംഭവ സ്ഥലത്തു നിന്ന് രക്ഷപ്പെട്ട പ്രതി സുരക്ഷാ സൈനികർ വിടാതെ പിന്തുടർന്നതോടെ കീഴടങ്ങുകയായിരുന്നു. പ്രതിക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിച്ചുവരികയാണെന്ന് റിയാദ് പോലീസ് വക്താവ് ലെഫ്. കേണൽ ശാക്കിർ അൽതുവൈജിരി പറഞ്ഞു.
ഹായിലിൽ മുപ്പതിനടുത്ത് പ്രായമുള്ള രണ്ടു യുവാക്കൾ നടത്തിയ വെടിവെപ്പിൽ രണ്ടു പേർക്കാണ് പരിക്കേറ്റത്. ഇതിൽ ഒരാളുടെ കാൽപാദത്തിനും രണ്ടാമന്റെ ശിരസ്സിനുമാണ് പരിക്ക്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുരക്ഷാ വകുപ്പുകൾ നടത്തിയ ഊർജിതമായ അന്വേഷണത്തിലൂടെ പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിലായ പ്രതികൾക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിച്ചുവരികയാണെന്ന് ഹായിൽ പോലീസ് പറഞ്ഞു.