നെടുമ്പാശ്ശേരി- കൊറോണ ഭീതിയെ തുടർന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള രണ്ട് അന്താരാഷ്ട്ര സർവീസുകൾ റദ്ദാക്കി. സൗദി എയർവേയ്സിന്റെ പ്രതിദിന ജിദ്ദ സർവീസും മലിൻഡോ എയർവേയ്സിന്റെ പ്രതിദിന കുലാലംപുർ സർവീസുമാണ് റദ്ദാക്കിയത്. സൗദി എയർ ഈ മാസം 13 വരെയും മലിൻഡോ എയർ ഈ മാസം 14 വരെയുമാണ് താൽക്കാലികമായി സർവീസ് നിർത്തിവെക്കുന്നതായി അറിയിച്ചിട്ടുള്ളത്.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നു മലേഷ്യയിലേക്കുള്ള പ്രതിവാര സർവീസുകൾ ഇതോടെ 19 ൽ നിന്നു 12 ആയി കുറഞ്ഞു. നിലവിൽ ചൈന, ഹോങ്കോംഗ്, തായ്ലന്റ്, സിംഗപ്പൂർ, ജപ്പാൻ, ദക്ഷിണ കൊറിയ, വിയറ്റ്നാം, നേപ്പാൾ, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിൽ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിൽ എത്തുന്ന യാത്രക്കാരെ വിമാനത്താവളത്തിൽ കർശന പരിശോധനകൾക്ക് വിധേയമാക്കുന്നുണ്ട്. ഇതിന് പുറമെ ഇനി മുതൽ ഇറാൻ, ഇറ്റലി എന്നിവിടങ്ങളിൽ നിന്നു എത്തുന്ന യാത്രക്കാരെ കൂടി കോവിഡ് പരിശോധനകൾക്ക് വിധേയമാക്കാൻ തീരുമാനിച്ചിട്ടുണ്ട്.