Sorry, you need to enable JavaScript to visit this website.

പ്രളയ ദുരിതാശ്വാസം; 14 വീടുകളടങ്ങിയ പീപ്പിൾസ് വില്ലേജ് സമർപ്പിച്ചു

പ്രളയ ദുരിതാശ്വാസ ഭാഗമായി പീപ്പിൾസ് ഫൗണ്ടേഷൻ നിർമിച്ചു നൽകുന്ന പീപ്പിൾസ് വില്ലേജിന്റെ സമർപ്പണം  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിക്കുന്നു.

കോട്ടയം - പ്രളയ ദുരന്തത്തിൽ സർവതും നഷ്ടമായവരെ ഒരു കുടക്കീഴിൽ ഒന്നിപ്പിക്കുന്ന പീപ്പിൾ വില്ലേജ് എന്ന ആശയം മാതൃകാപരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പുനരധിവാസ പ്രവർത്തനങ്ങളിൽ സർക്കാർ നിരവധി പരാതികൾ ഏറ്റുവാങ്ങുമ്പോഴാണ് പീപ്പിൾസ് ഫൗണ്ടേഷൻ സുതാര്യവും മാതൃകാപരവുമായി ഇത്തരം പ്രവർത്തനം ഏറ്റെടുത്തു നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരുവാർപ്പ് പഞ്ചായത്തിലെ ഇല്ലിക്കലിൽ പീപ്പിൾ ഫൗണ്ടേഷൻ സുമനസ്സുകളുടെ സഹകരണത്തോടെ നിർമിച്ചുനൽകിയ 14 വീടുകളുടെ പാർപ്പിട സമുച്ചയമായ പീപ്പിൾസ് വില്ലേജ് സമർപ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതിപക്ഷ നേതാവ്. 
പ്രളയത്തിൽ നഷ്ടപരിഹാരം നൽകുന്ന പ്രവർത്തനങ്ങളിലെ പരാതി ഒഴിവാക്കുന്നതിന് നഷ്ടപരിഹാര ട്രൈബ്യൂണൽ രൂപീകരിക്കാൻ സർക്കാർ തയാറാവേണ്ടതായിരുന്നു. ഇക്കാര്യം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നതാണ്. പുനരധിവാസ പ്രവർത്തനങ്ങളുടെ കണക്ക് പീപ്പിൾ ഫൗണ്ടേഷൻ വെളിപ്പെടുത്തുന്നതു പോലെ സർക്കാറും വരവുചെലവ് കണക്ക് സുതാര്യമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. 


ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സമിതി അംഗം പി.പി. അബ്ദുൽ റഹ്മാൻ പെരിങ്ങാട് പദ്ധതി സമർപ്പണം നിർവഹിച്ചു. സൃഷ്ടിസേവയിലൂടെയാണ് സൃഷ്ടികർത്താവിനെ നാം അറിയുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് ഇസ്‌ലാം ജനസേവനം വിശുദ്ധമായ ദൈവാരാധനയായി കാണുന്നത്. എല്ലാവരും ഇത്തരം സേവനകർമം നെഞ്ചിലേറ്റണമെന്നും അദ്ദേഹം പറഞ്ഞു. 
വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഷഫീഖ് മുഖ്യ പ്രഭാഷണം നടത്തി. ജനങ്ങളുടെ കൂട്ടായ്മ കൊണ്ട് പല പ്രശ്‌നങ്ങളും പരിഹരിക്കാൻ സാധിക്കുമെന്ന് ഇത്തരം പ്രവർത്തനങ്ങളിലൂടെ തെളിയിക്കാനായെന്ന് അദ്ദേഹം പറഞ്ഞു. സർക്കാറുകൾ പരാജയപ്പെടുന്നിടത്ത് ജനങ്ങൾക്ക് വിജയിക്കാനാവുമെന്നതിന് മാതൃകയാണ് ഈ പദ്ധതിയെന്നും ഷഫീഖ് പറഞ്ഞു. ജനോപകാര പ്രവർത്തനങ്ങളിൽ സന്നദ്ധ സംഘടനകളുമായി സഹകരിച്ച് പ്രവർത്തിക്കുന്ന പദ്ധതികൾ സർക്കാർ ആവിഷ്‌കരിക്കണമെന്ന് അധ്യക്ഷ പ്രസംഗത്തിൽ ഫൗണ്ടേഷൻ സംസ്ഥാന ജോയന്റ് സെക്രട്ടറി സാദിഖ് ഉളിയിൽ അഭിപ്രായപ്പെട്ടു. 


പ്രളയം തകർത്ത നിലമ്പൂരിൽ 60 വീടുകൾ നിർമിച്ചു നൽകാമെന്ന് സർക്കാറിനെ അറിയിക്കുകയും പദ്ധതിയുടെ പ്രഖ്യാപനം നടത്തുകയും ചെയ്തിരുന്നുതാണ്. എന്നാൽ വീടു നിർമാണത്തിനാവശ്യമായ ഭൂമി കണ്ടെത്തി കൈമാറാൻ സർക്കാറിന് ഇതുവരെ കഴിഞ്ഞില്ല. സർക്കാറും എൻ.ജി.ഒകളും ഒന്നിച്ചുചേർന്നാൽ നാടിനെ പുനഃസൃഷ്ടിക്കാൻ കഴിയുമെന്നും അതിന് സർക്കാർ ഭാഗത്തുനിന്ന് അനുകൂല നടപടി വേണമെന്നും സാദിഖ് പറഞ്ഞു.
14 ജീവിതങ്ങളാണ് ഇവിടെ പച്ചപിടിക്കുന്നതെന്ന്  തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും ഓരോ വീടും ഭാവി വാഗ്ദാനങ്ങളാകുന്ന കുട്ടികളുടെ പഠന ഇടം കൂടിയാക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്ന് കെ. സുരേഷ് കുറുപ്പ് എം.എൽ.എയും പറഞ്ഞു.


തിരുവാർപ്പ് പഞ്ചായത്തിലെ ഇല്ലിക്കലിനടുത്ത് വളയംകണ്ടം ഭാഗത്ത് ഇല്ലിമൂട്ടിൽ എസ്.എ. സദറുദ്ദീൻ സൗജന്യമായി നൽകിയ സ്ഥലത്താണ് 14 വീടുകൾ അടങ്ങിയ സമുച്ചയം നിർമിച്ചത്. രണ്ട് കിടപ്പുമുറികളും ഹാളും അടുക്കളയും ടോയ്‌ലറ്റും ചേർന്ന എല്ലാ സൗകര്യങ്ങളോടും കൂടിയ ആധുനിക ഭവനങ്ങളാണ് പൂർത്തിയാക്കിയിരിക്കുന്നത്. കേരളത്തിൽ 20 കോടിയുടെ പദ്ധതികളാണ് പ്രളയ ദുരന്ത മേഖലകളിൽ പീപ്പിൾസ് ഫൗണ്ടേഷൻ നടപ്പാക്കിയതെന്ന് ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് എ.എം. അബ്ദുസ്സമദ് പറഞ്ഞു.

താഴത്തങ്ങാടി ജുമാ മസ്ജിദ് ഇമാം ഷംസുദ്ദീൻ മന്നാനി ഇലവുപാലം, കുമ്മനം മുസ്‌ലിം ജമാഅത്ത് ഇമാം റിയാസുൽ ഹാദി പനവൂർ, തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസി നൈനാൻ, വൈസ് പ്രസിഡന്റ് പി.എ. അബ്ദുൽ കരീം, വാർഡംഗം റൂബി ചാക്കോ, കോട്ടയം കാർഷിക വികസന ബാങ്ക് പ്രസിഡന്റ് അഡ്വ. ജി. ഗോപകുമാർ, കോട്ടയം താലൂക്ക് മഹല്ല് കോർഡിനേഷൻ പ്രസിഡന്റ് മുഹമ്മദ് സാജൻ, ശാന്തിതീരം ചെയർമാൻ പി.കെ. മുഹമ്മദ്, അൽ ഫജർ ചാരിറ്റബിൾ സൊസൈറ്റി ചെയർമാൻ അഡ്വ. പി.എ. റബീസ്, അനുഗ്രഹ ചാരിറ്റബിൾ സൊസൈറ്റി ചെയർമാൻ അബ്ദുൽ റഷീദ്, താഴത്തങ്ങാടി മുസ്‌ലിം കൾച്ചറൽ ഫോറം ചെയർമാൻ പ്രൊഫ. ഷവാസ് ഷരീഫ്, സെന്റർ ഫോർ ഖുർആനിക് സ്റ്റഡീസ് പ്രസിഡന്റ് ഡോ. കോയാക്കുട്ടി, ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം ജില്ല പ്രസിഡന്റ് നജ്മി കരീം, സോളിഡാരിറ്റി ജില്ല പ്രസിഡന്റ് മുഹമ്മദ് അസ്‌ലം, എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് മുഹമ്മദ് അസ്‌ലം, ജി.ഐ.ഒ ജില്ലാ പ്രസിഡന്റ് സുറുമി ഷിഹാബ്, പീപ്പിൾസ് ഫൗണ്ടേഷൻ ജില്ല കോർഡിനേറ്റർ പി.എ. നൗഷാദ് എന്നിവർ സംസാരിച്ചു. എ.എം. അബ്ദുസ്സമദ് സ്വാഗതവും ജനറൽ കൺവീനർ കെ. അഫ്‌സൽ നന്ദിയും പറഞ്ഞു.

 


 

Latest News